കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ അസാന്നിദ്ധ്യം ചർച്ചയായിരുന്നു. ഇപി ജയരാജൻ സിപിഎം പരിപാടിയിൽ പങ്കെടുക്കാത്തതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. ഇടതുപക്ഷ പ്രസ്ഥാനത്തിൽ വിവരമുള്ള ഏക നേതാവ് ഇ പി ജയരാജനാണ്. അതുകൊണ്ടാണ് സിപിഎം നടത്തുന്ന ജാഥയിൽ പങ്കെടുക്കാത്തതെന്ന് കെ എം ഷാജി പറഞ്ഞു.
‘നമ്മളെപ്പോഴും ട്രോളുന്നത് ഇ.പി ജയരാജനെയാണ്. അദ്ദേഹം ഇടക്കിടയ്ക്ക് പറയുന്ന അബദ്ധങ്ങൾ നമ്മൾ തമാശയാക്കി എടുക്കാറുണ്ട്. എന്നാൽ, ഇടതുപക്ഷ പ്രസ്ഥാനത്തിൽ ആകെ വിവരമുള്ള ഒരു മനുഷ്യൻ ഇപി ജയരാജനാണെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടു തന്നെയാണ് ഈ മുദ്രാവാക്യവും വിളിച്ച് ഗോവിന്ദൻ മാഷ് നടത്തുന്ന ജാഥയിൽ കണ്ണൂർ എത്തുന്നത് വരെ അദ്ദേഹം പങ്കെടുക്കാത്തത്. ജയരാജന് കുറച്ചെങ്കിലും സാമാന്യബോധവും ബുദ്ധിയുമുണ്ട് കൊള്ളക്കാർ ഭരിക്കുമ്പോൾ എങ്ങനെയാണ് ജനങ്ങളോട് സംസാരിക്കുകയെന്ന ബോധ്യമാണ് ഇ.പി ജയരാജൻ പങ്കെടുക്കാത്തതിന്റെ കാരണമെന്ന് കെഎം ഷാജി പറഞ്ഞു.
ആള് കൂടാഞ്ഞിട്ട് എന്തൊക്കെ പരിപാടിയാണ് ജാഥയിലുള്ളത്. ദഫ്മുട്ടും കോൽക്കളിയുമെല്ലാമുണ്ട്. കുത്ത് റാത്തീബല്ലാത്ത എല്ലാം ജാഥയിലുണ്ട്. ഇങ്ങനെയാണ് സി.പി.എമ്മിന്റെ ഒരു സംസ്ഥാന ജാഥ നടത്തുന്നതെന്ന് കെഎം ഷാജി കുറ്റപ്പെടുത്തി.
ജനങ്ങളുടെ മുമ്പിൽ വെക്കാൻ ഒരു അജണ്ടയുമില്ലാത്ത, ഒരു പദ്ധതിയുമില്ലാത്ത മുഖ്യമന്ത്രിയുടെയും നടത്തിപ്പുകാരുടെയും കാര്യം മാത്രം നടത്തിക്കൊണ്ടുപോകുന്ന ഒന്നാണിത്. യൂത്ത് ലീഗ് എത്ര രൂക്ഷമായി സമരം നടത്തിയാലും അതിനൊരു ജനകീയ ഭാവമുണ്ട്. ആ സമരത്തെയാണ് പോലീസിന്റെ ശക്തി ഉപയോഗിച്ച് തടയാൻ ശ്രമിക്കുന്നതെന്ന് മുസ്ലീം ലീഗ് നേതാവ് വിമർശിച്ചു. എല്ലാത്തിനും നികുതി കൂട്ടിക്കൊണ്ടിരിക്കുകയാണ്. നികുതി കാരണം ഇനി ജലപീരങ്കിയിൽ ഉപയോഗിക്കാൻ പോലും വെള്ളം കിട്ടാതാവും. അവസാനം പോലീസുകാരടക്കം സമരരംഗത്തേക്ക് വരുമെന്നും കെഎംഷാജി പറഞ്ഞു
കേരളത്തിലെ എല്ലാ കമ്മ്യൂണിസ്റ്റ് നേതാക്കളുടേയും മക്കളും പേരമക്കളും സേഫാണ്. എന്നാൽ തെരുവിൽ ചത്ത് തുലയേണ്ടത് ഈ നാട്ടിലെ പാവപ്പെട്ടവരുടെ മക്കളാണെന്ന് വിചാരിക്കുന്ന ധാർഷ്ട്യത്തിന്റെ പേരാണ് പിണറായി വിജയനും സിപിഎമ്മും എന്നും കെഎം ഷാജി കൂട്ടിച്ചേർത്തു.
Discussion about this post