കാസർകോട്: വനിതാ ദിനത്തിൽ വീണ്ടും വിവാഹിതനായി നടനും അഭിഭാഷകനുമായ ഷുക്കൂർ വക്കീൽ. ഇന്ന് രാവിലെ 10.15 നായിരുന്നു ഭാര്യ ഷീനയെ ഷുക്കൂർ വീണ്ടും വിവാഹം ചെയ്തത്. ഹൊസ്ദുർഗ് സബ് രജിസ്ട്രാർ ഓഫീസിൽ നടന്ന ചടങ്ങിൽ മക്കൾ സാക്ഷിയായി.
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു ഷുക്കൂർ വീണ്ടും വിവാഹം ചെയ്തത്. 1994 ൽ മുസ്ലീം വ്യക്തി നിയമ പ്രകാരം ആയിരുന്നു ഇരുവരുടെയും വിവാഹം. മൂന്ന് പെൺമക്കളായതിനാൽ ഇവരുടെ കാല ശേഷം സ്വത്തുക്കൾ പൂർണമായും മക്കൾക്ക് ലഭിക്കില്ല. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു വീണ്ടും ഭാര്യയെ വിവാഹം കഴിക്കാൻ അദ്ദേഹം തീരുമാനിച്ചത്. ഖദീജ ജാസ്മിൻ, ഫാത്തിമ ജെബിൻ, ഫാത്തിമ ജെസ എന്നിവരാണ് മക്കൾ.
ഭാര്യയെ വീണ്ടും വിവാഹം ചെയ്യുന്ന വിവരം ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് അറിയിച്ചത്. മൂന്ന് പെൺമക്കളായതിനാൽ ഇസ്ലാമിക നിയമ പ്രകാരം സ്വത്തുകളിൽ ഒരു ഭാഗം സഹോദരങ്ങൾക്ക് ലഭിക്കും. നിയമം മൂലം ഇത് തടഞ്ഞ് സ്വത്തുക്കൾ പൂർണമായും മക്കൾക്ക് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് വിവാഹം എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തതോടെ സ്വത്തുക്കൾ ഇനി പൂർണമായും മക്കൾക്ക് ലഭിക്കും. ഷുക്കൂറിന്റെയും ഷീനയുടെയും വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. അതേസമയം സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചതിനെതിരെ വിമർശനവും ഉയരുന്നുണ്ട്.
Discussion about this post