തിരുവനന്തപുരം: കൊടും ചൂടിൽ വലഞ്ഞ് കേരളം. വരും ദിവസങ്ങളിൽ ചൂട് അതികഠിനമാകുമെന്നാണ് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാകും കഠിനമായ ചൂട് അനുഭവപ്പെടുന്നത്. തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ സൂര്യാതപ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
നിർജലീകരണം, ദേഹാസ്വാസ്ഥ്യം, സൂര്യാതപം എന്നിവയ്ക്കു സാധ്യതയുള്ളതിനാൽ മുൻകരുതൽ വേണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. ബോധവത്കരണം നടത്താനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും കളക്ടർമാർക്കും നിർദേശം നൽകി. സൂര്യാതപം ഒഴിവാക്കാൻ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. രാവിലെ 11 മുതൽ ഉച്ചയ്ക്ക് ശേഷം 3 വരെയുള്ള വെയിൽ കൊള്ളാതിരിക്കാൻ തൊഴിലാളികൾ ശ്രദ്ധിക്കണം. ഈ സമയം തൊഴിലുടമകൾ തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കണം.
ചൂടിനൊപ്പം പനി പടരുന്ന സാഹചര്യം ഗൗരവത്തോടെയാണ് കാണുന്നത്.പനി, തൊണ്ടവേദന, ചുമ എന്നീ ലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകൾ ഇൻഫ്ളുവൻസയുടെ പരിശോധനയ്ക്ക് അയക്കണമെന്ന് ഡോക്ടർമാർക്ക് നിർദ്ദേശമുണ്ട്. വയനാട്, മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിപ്പ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Discussion about this post