ബംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന മെഗാ റോഡ് ഷോയ്ക്ക് ഇന്ന് ബംഗളൂരുവിൽ തുടക്കമാകും. 36.6 കിലോമീറ്റർ ദൂരത്തിൽ ഇന്ന് മെഗാ റോഡ് ഷോ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഇത് രണ്ട് ദിവസങ്ങളിലേക്ക് ആക്കി മാറ്റുകയായിരുന്നു. രാവിലെ 10 മണിക്ക് സോമേശ്വര സഭാ ഭവൻ പരിസരത്ത് നിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. പ്രധാന റോഡിലൂടെ സഞ്ചരിച്ച് 10 കിലോമീറ്റർ അപ്പുറം മല്ലേശ്വരം ക്ഷേത്ര പരിസരത്ത് ഇന്നത്തെ റോഡ് ഷോ അവസാനിക്കും. നാളെ 26 കിലോമീറ്റർ ദൂരമാണ് ബംഗളൂരുവിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുക.
ബജ്രംഗദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ ശക്തമായ കടന്നാക്രമണം നടത്തിയാണ് ബിജെപി പ്രചാരണം നടത്തുന്നത്. ഹനുമാൻ ചാലിസ ചൊല്ലിയായിരിക്കും പ്രധാനമന്ത്രിയുടെ ഇന്നത്തെ റോഡ് ഷോ ആരംഭിക്കുന്നത്. ഹനുമാൻ ഭക്തരെ ജയിലിലടക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ഭീകരവാദ ബുദ്ധികേന്ദ്രങ്ങളുടെ സംരക്ഷകരാണ് കോൺഗ്രസ് എന്നും സമാധാനത്തിനും വികസനത്തിനും എതിരാണ് ഇവരെന്നും പ്രധാനമന്ത്രി ആരോപിച്ചു.
കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറങ്ങിയതിന് പിന്നാലെ ”ഐ ആം ബജ്രംഗി” എന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്. ബജ്രംഗദൾ നിരോധനം തിരിച്ചടിയാകുമെന്ന ആശങ്ക കോൺഗ്രസും പങ്ക് വയ്ക്കുന്നുണ്ട്. തീരുമാനത്തിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെ ബജ്രംഗദളിനെ നിരോധിക്കാൻ കോൺഗ്രസിന് ഉദ്ദേശമില്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരപ്പ മൊയ്ലിയും പറഞ്ഞിരുന്നു.
Discussion about this post