ജയ്പൂർ: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. പ്രമുഖ പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോർ ആണ് ഉപദേശകൻ. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി പുതിയ പാർട്ടി പ്രഖ്യാപിക്കാനാണ് നീക്കമെന്നാണ് വിവരം.
ന്യൂസ് ലോൺട്രി വെബ്സൈറ്റ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. പ്രശാന്ത് കിഷോറുമായി സച്ചിൻ പൈലറ്റ് നേരത്തെ മുതൽ ആശയവിനിമയം നടത്തുന്നുണ്ടെന്നും ഈ മാസം തന്നെ പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നുമാണ് സച്ചിനുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവിട്ട വാർത്തയിൽ പറയുന്നത്.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയം മദ്ധ്യപ്രദേശിലും രാജസ്ഥാനിലുമൊക്കെ ആവർത്തിക്കാമെന്ന കോൺഗ്രസിന്റെ മോഹത്തിന് വലിയ തിരിച്ചടിയാകും സച്ചിന്റെ പാർട്ടി രൂപീകരണം. സമ്മർദ്ദം ചെലുത്തി സച്ചിനെ പിന്തിരിപ്പിക്കാനും നേതൃത്വം നീക്കം നടത്തുന്നുണ്ട്. മാത്രമല്ല യുവാക്കളുടെ പിന്തുണ സച്ചിനാണുളളത്.
തനിക്ക് നൽകിയ ഉറപ്പുകളെല്ലാം ലംഘിച്ചിട്ടും അശോക് ഗെഹ്ലോട്ടിനെ പാർട്ടി ഹൈക്കമാൻഡ് പിന്തുണയ്ക്കുന്നതിൽ സച്ചിൻ പൈലറ്റ് അസ്വസ്ഥനാണ്. ഹൈക്കമാൻഡ് പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും ഗെഹ്ലോട്ടിനെതിരെ അടുത്തിടെ സച്ചിൻ പരസ്യമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.
ഇരുവരെയും പിന്നീട് ഡൽഹിയിലേക്ക് വിളിപ്പിച്ച ഹൈക്കമാൻഡ് രാജസ്ഥാനിൽ പാർട്ടി ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ഇരുവരുമായും ചർച്ച നടത്തിയ ശേഷം പാർട്ടി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ബിജെപി സർക്കാരിനെതിരായ അന്വേഷണത്തിലും യുവാക്കളുടെ തൊഴിൽ വിഷയത്തിലും യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്ന നിലപാട് സച്ചിൻ പിന്നെയും തുറന്നുപറയുകയും ചെയ്തു. ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് സർക്കാർ പരീക്ഷകൾ റദ്ദാക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു സച്ചി്ന്റെ വാക്കുകൾ.
മല്ലികാർജ്ജുൻ ഖാർഗെയുടെ നേതൃത്വത്തിൽ നാല് മണിക്കൂറോളം ചർച്ചകൾ നടത്തിയ ശേഷമായിരുന്നു സച്ചിന്റെ പ്രതികരണം. ഇരുവരെയും അനുനയിപ്പിക്കാൻ കഴിയാതെ വന്നതോടെ പാർട്ടിയാണ് എല്ലാത്തിലുമുപരിയെന്ന പതിവ് വാദവുമായി ജയ്റാം രമേശും രംഗത്തെത്തി.
Discussion about this post