കൊളംബിയൻ ആമസോൺ വനത്തിൽ കാണാതായ കുട്ടികളെ ജീവനോടെ കണ്ടെത്തി. 40 ദിവസത്തിന് ശേഷമാണ് കുട്ടികളെ കണ്ടെത്താനായത്. മെയ് ഒന്നിനാണ് വിമാനം തകർന്ന് ഈ നാല് കുട്ടികളും വനത്തിനുള്ളിൽ അകപ്പെടുന്നത്. കൊളംബിയൻ പ്രസിഡന്റ് ഗസ്റ്റാവോ പെട്രോ ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തിനാകെ സന്തോഷമുള്ള ദിവസമാണെന്നാണ് അദ്ദേഹം തന്റെ ട്വീറ്റിൽ പറയുന്നത്. ഒന്നും നാലും ഒമ്പതും പതിമൂന്നും വയസ്സുള്ള കുട്ടികളാണ് കൊടും കാടിനുള്ളിൽ അകപ്പെട്ടു പോയത്.
രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായ സൈനികരുടേയും ഈ കുട്ടികളുടേയും ചിത്രങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊളംബിയൻ സൈന്യം നടത്തി വന്നിരുന്നത്. കുഞ്ഞുങ്ങൾക്ക് കാര്യമായ ആരോഗ്യമായ പ്രശ്നങ്ങൾ ഇല്ലെന്നാണ് പ്രാഥമിക വിവരം. നിർജലീകരണവും പ്രാണികളുടെ കടിയേറ്റുള്ള ചെറിയ പരിക്കുകളും മാത്രമാണ് നിലവിൽ കുട്ടികൾക്ക് ഉള്ളതെന്നും സൈന്യം വ്യക്തമാക്കി.
മെയ് ഒന്നിനുണ്ടായ വിമാന അപകടത്തിൽ കുഞ്ഞുങ്ങളുടെ അമ്മ മഗ്ദലീന മുകുതുയ് വലൻസിയ, പൈലറ്റ് ഹെർണാണ്ടോ മുർസിയ എന്നിവർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. കുഞ്ഞുങ്ങളെ കാണാതയതിന് പിന്നാലെ നൂറിലധികം വരുന്ന കൊളംബിയൻ സ്പെഷ്യൽ ഫോഴ്സ് സൈനികരും 70ലധികം സ്കൗട്ട് ഉദ്യോഗസ്ഥരും ഉൾപ്പെടെ തിരച്ചിലിന്റെ ഭാഗമായി.
കുഞ്ഞുങ്ങൾക്ക് എത്രയും വേഗം വൈദ്യ പരിശോധന നടത്തി ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്നും പെട്രോ വ്യക്തമാക്കി. ” നിലവിൽ കടുത്ത സമ്മർദ്ദത്തിലായിരിക്കും കുഞ്ഞുങ്ങൾ. 40 ദിവസവും അവർ വനത്തിലാണ് കഴിഞ്ഞത്. അവരുടെ മാനസികനില ഉൾപ്പെടെ പരിശോധിക്കേണ്ടതുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. ഏറ്റവും മികച്ച ചികിത്സ അവർക്ക് ഉറപ്പാക്കും. ബൊഗോട്ടയിലേക്കോ വില്ലവിസെൻസിയോയിലേക്കോ കുഞ്ഞുങ്ങളെ ഇതിനായി മാറ്റാനാണ് ശ്രമം. വൈകാതെ അവരുമായി സംസാരിക്കും. അവർ കൊളംബിയയുടെ മക്കളാണെന്നും” പെട്രോ പറഞ്ഞു.
Discussion about this post