ബീജിങ്: ചൈനയും ഇന്ത്യയും തമ്മിലുള്ള അതിർത്തി തർക്കം തുടരുന്നതിനിടെ അവസാന ഇന്ത്യൻ മാദ്ധ്യമപ്രവർത്തകനോടും രാജ്യം വിടാൻ ആവശ്യപ്പെട്ട് ചൈന. പ്രസ് ട്രെസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ടറോടാണ് ഈ മാസം തന്നെ രാജ്യം വിട്ട് പോകണമെന്ന് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.
ഈ വർഷമാദ്യം നാല് ഇന്ത്യൻ മാദ്ധ്യമപ്രവർത്തകർ ചൈനയിൽ ഉണ്ടായിരുന്നുവെങ്കിലും ഷീ ജിൻ പിങ്ങിന്റെ കമ്യൂണിസ്റ്റ് ഭരണകൂടം ഓരോ കാരണങ്ങൾ പറഞ്ഞ് എല്ലാവരെയും പുറത്താക്കുകയായിരുന്നു. ദ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടർ നേരത്തേ ചൈനയിൽനിന്നു മടങ്ങി. പ്രസാർ ഭാരതി, ദ് ഹിന്ദു എന്നിവയിലെ രണ്ടു പേരുടെ വീസ പുതുക്കാൻ ഏപ്രിലിൽ ചൈന തയാറായില്ല. പിന്നാലെയാണു നാലാമത്തെ ജേണലിസ്റ്റിനോടും മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്. ചൈനയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ മാദ്ധ്യമപ്രവർത്തകർക്ക് പ്രാദേശിക ലേഖകരെ നിയമിക്കുന്നതിനോ പ്രാദേശികമായി യാത്ര ചെയ്യുന്നതിനോ പോലും വിലക്കേർപ്പെടുത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു
ചൈനീസ് പത്രപ്രവർത്തകർ ഉൾപ്പെടെ എല്ലാ വിദേശ ജേണലിസ്റ്റുകൾക്കും ഇന്ത്യയിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനോ മീഡിയ കവറേജ് ചെയ്യുന്നതിനോ യാതൊരു പരിമിതികളോ ബുദ്ധിമുട്ടുകളോ ഇല്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.സംഭവത്തിൽ ചൈനയുടെ വിദേശകാര്യമന്ത്രാലയം ഇത് വരെ പ്രതികരിച്ചിട്ടില്ല.
അതേസമയം ജേർണലിസ്റ്റ് വീസയെച്ചൊല്ലി ചൈനയും യുഎസും വർഷങ്ങളായി തർക്കത്തിലാണ്. ട്രംപ് ഭരണകൂടം ഒരു കൂട്ടം ചൈനീസ് മാധ്യമ കമ്പനികളെ വിദേശ ദൌത്യത്തിനായി പ്രവർത്തിക്കുന്നവരായി പരിഗണിക്കുകയും, രാജ്യത്തെ ചൈനീസ് പത്രപ്രവർത്തകരുടെ എണ്ണത്തിന് പരിധി നിശ്ചയിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം , യുഎസ് മീഡിയ കമ്പനികളിലെ റിപ്പോർട്ടർമാർക്കുള്ള പ്രസ് ക്രെഡൻഷ്യലുകൾ റദ്ദാക്കിക്കൊണ്ടാണ് ചെെന പ്രതികരിച്ചത്.
വിദേശരാജ്യങ്ങളിൽ നിന്നുള്ള റിപ്പോർട്ടർമാരെയെല്ലാം പലകാരണങ്ങൾ ചൂണ്ടിക്കാട്ടി പതിയെ പുറത്താക്കി , രാജ്യത്ത് നടക്കുന്ന പ്രവർത്തനങ്ങൾ ഒരീച്ച പോലും പുറത്തറിയാതെ നോക്കാനാണ് ചെെന ശ്രമിക്കുന്നത്.
Discussion about this post