ബംഗലൂരു: ഇൻസ്റ്റഗ്രാം റീലിന് വേണ്ടി വെള്ളച്ചാട്ടത്തിന് മുകളിൽ കയറി പോസ് ചെയ്ത യുവാവ് നിലതെറ്റി ആഴങ്ങളിലേക്ക് പോയി. മഴക്കെടുതി രൂക്ഷമായ ഉഡുപ്പി ജില്ലയിലാണ് സംഭവം. ശിവമോഗയിലെ ഭദ്രാവതി സ്വദേശിയായ 23 വയസുകാരൻ ശരത് കുമാറാണ് അപകടത്തിൽ പെട്ടത്.
സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ വെള്ളച്ചാട്ടത്തിന് മുകളിലെ പാറപ്പുറത്ത് യുവാവ് നിൽക്കുന്നത് കാണാം. പെരുമഴയിൽ വെള്ളച്ചാട്ടം കുതിച്ചൊഴുകുകയാണെന്നും വീഡിയോയിൽ വ്യക്തമാണ്. ഇരു കൈകളും ഉയർത്തി നിൽക്കുന്ന യുവാവിന് ഞൊടിയിടയിൽ ബാലൻസ് നഷ്ടമാകുകയും അയാൾ വെള്ളച്ചാട്ടത്തിൽ വീണ്, അലറുന്ന കുത്തൊഴുക്കിൽ അപ്രത്യക്ഷനാകുകയും ചെയ്യുന്നത് വീഡിയോയിൽ ഉണ്ട്.
സംഭവമറിഞ്ഞ് പോലീസും അടിയന്തിര ദൗത്യ സേനകളും സ്ഥലത്തെത്തിയെങ്കിലും ഇതുവരെയും യുവാവിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഞായറാഴ്ച വൈകുന്നേരമാണ് ഇയാൾ അപകടത്തിൽ പെട്ടത്. തിരച്ചിൽ ഇന്നും തുടരുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, ഉഡുപ്പിയിലും ദക്ഷിണ കന്നഡയിലും ഉത്തര കന്നഡയിലും ശക്തമായ മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ ഇന്ന് റെഡ് അലേർട്ടാണ്.
Discussion about this post