എറണാകുളം: മൂവാറ്റുപുഴയിൽ കോളേജ് വിദ്യാർത്ഥിനി അപകടത്തിൽ മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ച യുവാവിനെതിരെ കർശന നടപടി സ്വീകരിച്ച് പോലീസ്. യുവാവിനെതിരെ നരഹത്യാ കുറ്റം ചുമത്തി. ഏനാനെല്ലൂർ സ്വദേശി ആൻസൺ റോയ്ക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
അമിത വേഗവും, അലക്ഷ്യമായ ഡ്രൈവിംഗുമാണ് അപകടത്തിന് കാരണം ആയത് എന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നരഹത്യാ കുറ്റം ചുമത്തിയത്. ആൻസൺ റോയുടെ ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതിന് മുൻപും അമിത വേഗതയിൽ വാഹനം ഓടിച്ച് ഇയാൾ അപകടം ഉണ്ടാക്കിയിട്ടുണ്ട്. മറ്റ് കേസുകളിലും ആൻസൺ പ്രതിയാണെന്നാണ് പോലീസ് അറിയിക്കുന്നത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു ആൻസൺ ഓടിച്ചിരുന്ന ബൈക്ക് ഇടിച്ച് വിദ്യാർത്ഥിനി മരിച്ചത്. മൂവാറ്റുപുഴ നിർമല കോളേജിലെ വിദ്യാർത്ഥിനിയും വാളകം സ്വദേശിനിയുമായ നമിതയാണ് മരിച്ചത്. അമിത വേഗതയിൽ എത്തിയ ബൈക്ക് നമിതയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നമിതയുടെ സുഹൃത്ത് അനുശ്രീയ്ക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് വിദ്യാർത്ഥികളിൽ നിന്നും ഉയരുന്നത്.
Discussion about this post