ഉജ്ജൈൻ: ലഡ്ഡു പ്രസാദ വിതരണത്തിൽ പുതിയ റെക്കോർഡ് സ്ഥാപിച്ച് ഉജ്ജൈൻ മാഹാകാലേശ്വർ ക്ഷേത്രം. ശ്രാവണ തീർത്ഥാടന കാലത്തെ 40 ദിവസം കൊണ്ട് ആകെ ഒരു കോടി ഭക്തജനങ്ങൾ ക്ഷേത്രം സന്ദർശിച്ചു എന്നാണ് വിവരം. ഈ കാലയളവിൽ ക്ഷേത്രത്തിൽ നിന്നും പ്രസാദമായി വിതരണം ചെയ്തത് 1804 ക്വിന്റൽ ലഡ്ഡുവാണ്. 8.51 കോടി രൂപയാണ് ഇതിൽ നിന്നുമുള്ള വരുമാനം.
ശ്രാവണ സോമവാരത്തിലെ ഭസ്മാരതിയിലും ഇത്തവണ വൻ ഭക്തജന പങ്കാളിത്തമായിരുന്നു. ബ്രാഹ്മ മുഹൂർത്തത്തിൽ, അതായത് അതിരാവിലെ 3.30നും 5.30നും ഇടയിൽ നടക്കുന്ന ഈ വിശേഷ പൂജ ഏറെ വിശിഷ്ടമാണ് എന്നാണ് വിശ്വാസം.
പാൽ, തൈര്, നെയ്യ്, തേൻ, പഴച്ചാറുകൾ എന്നിവയിൽ ഭഗവാനെ അഭിഷേകം ചെയ്ത ശേഷം ജലാഭിഷേകവും പഞ്ചാമൃതാഭിഷേകവും നടത്തുന്നു. തുടർന്ന് ഭഗവാന് ചന്ദനം ചാർത്തിയ ശേഷം വിശേഷ വസ്ത്രങ്ങൾ അണിയിക്കുന്നു. ഇതിന് ശേഷമാണ് ഭസ്മാരതി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച ഇത്തവണ എല്ലാ നേർച്ചകളിലും വൻ ഭക്തജനപങ്കാളിത്തം ഉണ്ടായിരുന്നതായി പുരോഹിതർ വിശദീകരിക്കുന്നു. പ്രതിദിനം 45 ക്വിന്റൽ ലഡ്ഡുവാണ് ഭക്തർക്ക് വേണ്ടി ഒരുക്കിയിരുന്നത്. ക്ഷേത്രത്തിനകത്തും പുറത്തും പ്രത്യേകം കൗണ്ടറുകൾ തയ്യാറാക്കിയായിരുന്നു ഇത്തവണത്തെ പ്രസാദ വിതരണം.
Discussion about this post