ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യത്തെ 8-വരി എക്സ്പ്രസ് പാത ആയ ദ്വാരക അതിവേഗ പാതയുടെ ആദ്യ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ദ്വാരക അതിവേഗ പാത മൂന്നോ നാലോ മാസത്തിനുള്ളിൽ തന്നെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ കഴിയുമെന്ന് ഗഡ്കരി വ്യക്തമാക്കി. ഡൽഹിയിലെ ദ്വാരകയെ ഗുരുഗ്രാമിലെ ഖേർക്കി ദൗല ടോൾ പ്ലാസയുമായി ബന്ധിപ്പിക്കുന്ന ഹൈവേ പദ്ധതിയാണ് ദ്വാരക അതിവേഗ പാത.
എഞ്ചിനീയറിംഗിന്റെ അത്ഭുതം എന്നാണ് ഗഡ്കരി ഈ പുതിയ അതിവേഗ പാതയെ വിശേഷിപ്പിച്ചത്. നിർമ്മാണ പ്രവൃത്തികൾ ഇനിയും ബാക്കിയുണ്ടെങ്കിലും ഇപ്പോൾതന്നെ നിരവധി റെക്കോർഡുകൾ ദ്വാരക അതിവേഗ പാത സ്വന്തമാക്കി കഴിഞ്ഞു. പാരീസിലെ ഈഫൽ ടവർ നിർമ്മിക്കാൻ എടുത്തതിന്റെ 30 മടങ്ങ് ഉരുക്ക് ഉപയോഗിച്ചാണ് ഈ അതിവേഗ പാത നിർമ്മിച്ചിരിക്കുന്നത്. രണ്ട് ലക്ഷം ടൺ ഉരുക്ക് ആണ് ദ്വാരക അതിവേഗ പാതയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്.
ദുബായിലെ ബുർജ് ഖലീഫയെ വെല്ലുന്ന മറ്റൊരു നേട്ടവും ദ്വാരക അതിവേഗ പാതയ്ക്ക് സ്വന്തമാണ്. ബുർജ് ഖലീഫ നിർമ്മിക്കാൻ ഉപയോഗിച്ചതിന്റെ ആറിരട്ടി സിമന്റ് കോൺക്രീറ്റ് ഉപയോഗിച്ചാണ് ഈ അതിവേഗ പാത പദ്ധതി നിർമ്മിച്ചിട്ടുള്ളത്. കൂടാതെ രാജ്യത്തെ ആദ്യത്തെ 3.6 കിലോമീറ്റർ നീളമുള്ള 8-വരി നഗര തുരങ്കവും ദ്വാരക അതിവേഗ പാതയുടെ ഭാഗമാണ്. പ്രവർത്തനക്ഷമമായാൽ ഇന്ത്യയുടെ ആദ്യത്തെ എട്ട് വരി ‘എലിവേറ്റഡ് എക്സ്പ്രസ് വേ’ ആയിരിക്കും ദ്വാരക അതിവേഗ പാത.
Discussion about this post