കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ ഗൂഢാലോചനയില്ലെന്നനും അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നും സിബിഐ ഹൈക്കോടതിയിൽ. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് കെ.സി.ഉണ്ണി നൽകിയ ഹർജിയിലാണ് സിബിഐ ഇക്കാര്യം മറുപടിയായി നൽകിയത്. ഹർജി വിധി പറയാനായി മാറ്റിയിരിക്കുകയാണ്. 2019 സെപ്തംബർ 25ന് പുലർച്ചെയാണു ബാലഭാസ്കർ സഞ്ചരിച്ച വാഹനം അപകടത്തിൽപെടുന്നത്.
അന്വേഷണം ശരിയായ രീതിയിലാണ് നടത്തിയതെന്നും വിചാരണ തുടരാൻ അനുവദിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു. ബാലഭാസ്കറും മറ്റും സഞ്ചരിച്ചിരുന്ന കാറിന് പിന്നാലെയുണ്ടായിരുന്ന കെഎസ്ആർടിസി ബസ്, അപകടം നടന്നയുടനെ സംഭവസ്ഥലത്ത് എത്തിയിരുന്നു. ബാലഭാസ്കറിനേയും മറ്റും ആരും ആക്രമിക്കുന്നത് കണ്ടതായി ബസ് ഡ്രൈവറിന്റെ മൊഴിയിൽ പറയുന്നില്ല. കാറിൽ ഉണ്ടായിരുന്ന ബാലഭാസ്കറിന്റെ ഭാര്യയും അത്തരമൊരു പരാതി നൽകിയിട്ടില്ല. കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണെന്നും സിബിഐ പറയുന്നു.
Discussion about this post