ഒട്ടാവോ : ലോകം ഉറ്റു നോക്കിയ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ഇന്ത്യയിലെത്തിയപ്പോള്‍ കാനഡയിലെ തെരുവുകളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരസ്യ വധഭീഷണിയുമായി ഖാലിസ്ഥാന്‍ ഭീകരവാദികള്‍. ‘നിങ്ങള്‍ക്കായി ഞങ്ങള്‍ വരുന്നു’ എന്ന മുദ്രാവാക്യം മുഴക്കിയാണ് നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളെ വകവരുത്തുമെന്ന്് ഖാലിസ്ഥാന്‍ ഭീകരന് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ പരസ്യമായി വെല്ലുവിളിച്ചത്. പ്രധാനമന്ത്രിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി സെ് ജയശങ്കര്‍, ദേശീയ സുരക്ഷ ഉദ്യോഗസ്ഥന് അജിത് ഡോവല്‍ തുടങ്ങിയവര്‍ക്കെതിരെയാണ് വധ ഭീഷണി. സറേയിലെ ഗുരു നാനാക് സിംഗ് ഗുരുദ്വാരയില്‍ നടന്ന ഖാലിസ്ഥാനി ഹിതപരിശോധനയ്ക്കിടയാണ്് ഗുരുപന്ത്വന്ത് സിംഗിന്റെ കൊലവിളി. ഇന്ത്യയെ വിഭജിച്ച് ഖാലിസ്ഥാന്‍ അനുകൂല രാജ്യമാക്കുമെന്നും ഇയാള്‍ പറഞ്ഞു.
മരണപ്പെട്ടുവെന്ന കരുതിയ ഗുര്‍പത്വന്ത് സിംഗ് വളരെ നാളുകള്‍ക്ക് ശേഷമാണ് പൊതു വേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ഇയാള്‍ അവിടെ എത്തിയത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ രണ്ട് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ ഭീകരന് ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണത്തില്‍ പകരം വീട്ടുമെന്ന് പറഞ്ഞാണ് ഗുര്‍പത്വന്ത് ഇന്ത്യക്കെതിരെ ഭീഷണി മുഴക്കിയത്.
ഹര്‍ദീപ് സിംഗ് നിജ്ജാറിനെ നേരത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. തീവ്രവാദികളായി മുദ്രകുത്തിയ 41 വ്യക്തികളുടെ പട്ടിക ഇന്ത്യന്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. അവരില്‍ ഹര്‍ദീപ് നിജ്ജാറിന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിജ്ജാറിനെ കൊലപ്പെടുത്തിയവരോട് പ്രതികാരം ചെയ്യുമെന്ന് ഇയാള്‍ പ്രതിജ്ഞ ചെയ്തു. ”നിജ്ജാറിനെ കൊലപ്പെടുത്തിയവരെ, ഞങ്ങള്‍ നിങ്ങളുടെ മരണത്തിനായി കാത്തിരിക്കുന്നു. ഞങ്ങള്‍ നിങ്ങള്‍ക്കായി വരുന്നു. നിങ്ങളെ കൊല്ലുന്നത് വരെ ഞാന്‍ എങ്ങും പോകില്ല. ഞാന്‍ വെല്ലുവിളിക്കുന്നു, ഡല്‍ഹി ഞങ്ങള്‍ ഖാലിസ്ഥാന്‍ ആക്കി മാറ്റും’, ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ പറയുന്നതായി വീഡിയോയില്‍ കാണാം.
ജി 20 ഉച്ചകോടിക്കായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ഇന്ത്യയിലെത്തിയ സമയത്ത് തന്നെയാണ് കാനഡയിലെ ഖാലിസ്ഥാന്‍ ഹിത പരിശോധന നടത്താന്‍ നിശ്ചയിച്ചത്. നേരത്തെ സറെയിലെ സര്‍ക്കാര്‍ സ്കൂളില്‍ നടത്താനിരുന്ന പരിപാടി സര്‍ക്കാര്‍ വിലക്കിയിരുന്നു. പിന്നീട് ഗുരുദ്വാരയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ കൂടിയ 7000 ത്തോളം വരുന്ന ഖാലിസ്ഥാന്‍ അനുകൂലികളെ അഭിസംബോധന ചെയ്യുന്നതിന്റെ ഇടയിലാണ് ഗുര്പന്ത്വന്തിന്റെ ഈ പരസ്യ കൊലവിളി.
ഖാലിസ്ഥാനി ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കിയതിന് കാനഡയോട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച സമയത്ത് തന്നെയാണ് ഇന്ത്യക്കെതിരെ ഭീഷണി മുഴക്കിയത്. കാനഡയിലെ ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ആക്രമിക്കുകയും നയതന്ത്ര സ്ഥാപനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്യുന്നതായി മോദി കനേഡിയന്‍ പ്രധാനമന്ത്രിയെ അറിയിച്ചു. കൂടാതെ കാനഡയിലെ ഇന്ത്യന്‍ സമൂഹത്തേയും അവരുടെ ആരാധനാലയങ്ങളെയും ഖാലിസ്ഥാന്‍ അനുകൂലികള്‍ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണെന്നും മോദി വ്യക്തമാക്കി. എന്നാല്‍ സമാധാനപരമായ സ്വതന്ത്ര പ്രതിഷേധങ്ങളെ കാനഡ എപ്പോഴും സംരക്ഷിക്കുമെന്നും, വിദ്വേഷപരമായ പ്രവര്‍ത്തനങ്ങളെ ചെറുക്കുമെന്നുമാണ് ജസ്റ്റിന് ട്രൂഡോയുടെ നിലപാട്.
Discussion about this post