ഇസ്ലാമാബാദ് : പാകിസ്താനിലെ ഭിക്ഷാടകരുടെ പ്രശ്നം ഗൾഫ് രാജ്യങ്ങൾക്ക് ബാദ്ധ്യതയാകുന്നു. പാകിസ്താനിൽ നിന്ന് നിരവധി പേർ ഗൾഫ് രാജ്യങ്ങളിലേക്ക് ഭിക്ഷാടനത്തിനായി പോകുന്നുവെന്ന റിപ്പോർട്ടുകൾ അടുത്തിടെയായി പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ സൗദി അറേബ്യയിലേക്ക് ഭിക്ഷാടനത്തിന് പോകാനൊരുങ്ങിയ 16 പേരെയാണ് പാകിസ്താനിലെ മുൾട്ടാൻ വിമാനത്താവളത്തിൽ വെച്ച് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി പിടികൂടിയത്.
11 സ്ത്രീകളും നാല് പുരുഷന്മാരും ഒരു കുട്ടിയുമടങ്ങുന്ന സംഘത്തെയാണ് പിടികൂടിയത്. ഉംറയ്ക്ക് പോകുന്നുവെന്ന വ്യാജേനയാണ് ഇവർ യാത്ര ആരംഭിച്ചത്. ഇസ്ലാമിക നിയമം അനുസരിച്ച് വർഷത്തിൽ ഏത് സമയത്തും നടത്താവുന്ന മക്കയിലേക്കുള്ള ഒരു ഇസ്ലാമിക തീർത്ഥാടനമാണ് ഉംറ.
ഭിക്ഷാടനത്തിലൂടെ സമ്പാദിക്കാൻ മക്കയിലേക്ക് പോകുകയാണെന്നും പണത്തിന്റെ പകുതി തങ്ങളെ സൗദിയിലെത്തിക്കുന്ന ട്രാവൽ ഏജൻസികൾക്ക് നൽകുമെന്നും ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു. തുടർന്നാണ് മുൾട്ടാനിൽ നിന്ന് എഫ്ഐഎ ഇവരെ അറസ്റ്റ് ചെയ്തത്.
ഇത്തരത്തിൽ നിരവധി പേരാണ് ഭിക്ഷാടനായി ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നത്. വിദേശ രാജ്യങ്ങളിൽ പിടിയിലാകുന്നവരിൽ 90 ശതമാനവും പാകിസ്താനിൽ നിന്നുള്ളവരാണ്. പാകിസ്താനികളെക്കൊണ്ട് ഇറാഖിലെയും സൗദിയിലെയും ജയിലുകൾ നിറഞ്ഞിരിക്കുകയാണെന്നും ഭരണകൂടങ്ങൾ അറിയിക്കുന്നുണ്ട്.
Discussion about this post