തിരുവനന്തപുരം: അടിയന്തിരഘട്ടങ്ങളിൽ മുന്നറിയിപ്പ് നൽകുന്നതിനായുള്ള സെൽ ബ്രോഡ്കാസ്റ്റ് സംവിധാനത്തിന്റെ പരീക്ഷണം നാളെ നടക്കും. ഇതിന്റെ ഭാഗമായി നാളെ മൊബൈൽ ഫോണുകൾ പ്രത്യേക തരത്തിൽ ശബ്ദിക്കുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്യും. ഇതിൽ ആരും പരിഭ്രന്തരാകേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതർ അറിയിച്ചു.
പകൽ 11 മുതൽ നാല് മണിവരെയുള്ള സമയത്താകും മൊബൈലുകൾ പ്രത്യേക രീതിയിൽ ശബ്ദിക്കുക. ചില മുന്നറിയിപ്പുകളും ഫോണിൽ ലഭിക്കും. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, സംസ്ഥാന- ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ എന്നിവ ചേർന്നാണ് സെൽ ബ്രോഡ്കാസ്റ്റിംഗ് സംവിധാനം പരീക്ഷിക്കുന്നത്.
മൊബൈൽ നെറ്റ് വർക്ക്പരിഗണിക്കാതെ ഒരു പ്രത്യേക പ്രദേശത്തെ എല്ലാ ഫോണുകളിലേക്കും ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കാൻ മൊബൈൽ ഓപ്പറേറ്റർമാരെ അനുവദിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് സെൽ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം. ഇതിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാൽ അടിയന്തര സാഹചര്യങ്ങളിൽ ഏവർക്കും അറിയിപ്പ് നൽകാം. നിലവിൽ ഈ സംവിധാനം മറ്റ് രാജ്യങ്ങൾ നടപ്പിലാക്കുന്നുണ്ട്.
ഈ മാസം ആദ്യം രാജ്യത്തെ വിവിധയിടങ്ങൡ സമാന പരീക്ഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലും ഇതുമായി ബന്ധപ്പെട്ട പരീക്ഷണം നടത്തുന്നത്.
Discussion about this post