തിരുവനന്തപുരം: വിമാനം വൈകിയതിനെ തുടർന്ന് മെഡിക്കൽ വിദ്യാർത്ഥികൾക്ക് പിഴ നൽകാൻ എയർ ഇന്ത്യയോട് ഉത്തരവിട്ട് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. മൂന്ന് വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് കമ്മീഷന്റെ ഉത്തരവ്. ഓരോ വിദ്യാർത്ഥിയ്ക്കും 1.5 ലക്ഷം രൂപ നൽകണമെന്നാണ് കമ്മീഷന്റെ ഉത്തരവ്.
2016 ൽ ഉണ്ടായ സംഭവത്തിലാണ് നടപടി. ചൈനയിൽ പഠിക്കുകയായിരുന്നു കീർത്തന രവി, ഗോപിക, അപർണ ബാബു എന്നിവരാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നൽകിയത്. കണക്ഷൻ വിമാനങ്ങളിൽ ആയിരുന്നു ചൈനയിലേക്കുള്ള യാത്ര ഇവർ ഉദ്ദേശിച്ചിരുന്നത്. എന്നാൽ വിമാനത്താവളത്തിൽ എത്തിയ ഇവർക്ക് വിമാനം വൈകുമെന്ന അറിയിപ്പ് ലഭിക്കുകയായിരുന്നു. ഇതോടെ ഇവർ യാത്ര മാറ്റി. ഇതേ തുടർന്ന് പ്രധാനപ്പെട്ട ക്ലാസുകളിൽ പങ്കെടുക്കാൻ ഇവർക്ക് കഴിഞ്ഞില്ല. ഇതേ തുടർന്ന് ഇവർ ഓൺലൈൻ ആയി പരാതി നൽകുകയായിരുന്നു.
വിമാനം വൈകുന്നത് സംബന്ധിച്ച് യാത്രക്കാർക്ക് വിവരം നൽകുന്നതിൽ എയർ ഇന്ത്യയ്ക്ക് പിഴവ് സംഭവിച്ചതായി വ്യക്തമായി. ഇതോടെ പിഴ വിധിക്കുകയായിരുന്നു. നഷ്ടപരിഹാരത്തിന് പുറമെ, പരാതിക്കാർക്ക് ചെലവിനത്തിൽ 5000 രൂപ കൂടി നൽകാനും കമ്മിഷൻ എയർ ഇന്ത്യയോട് ആവശ്യപ്പെട്ടു.
Discussion about this post