‘മേഡ് ഇൻ ഇന്ത്യ ഐഫോൺ’ എല്ലാ അർത്ഥത്തിലും യഥാർത്ഥ്യമാക്കാൻ ഒരുങ്ങി ടെക് ഭീമൻ ആപ്പിൾ. നിലവിൽ ചെന്നൈയിലെ ഫോക്സോൺ പ്ലാന്റിൽ ഐഫോൺ നിർമ്മാണം ഉണ്ടെങ്കിലും പ്രധാനഭാഗങ്ങൾ ചൈനയിൽ നിന്നാണ് എത്തിക്കുന്നത്. ഇതിന് ഒരു മാറ്റം വരുത്താനാണ് കമ്പനി ശ്രമിക്കുന്നത്. ചൈനയെ ഉപേക്ഷിച്ച് പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ഐഫോണുകൾ വിപണിയിലേക്കത്തിക്കുകയാണ് ലക്ഷ്യം.
ആപ്പിളിന്റെ ലോകത്തെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. ചൈന മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. അത് കൊണ്ടു തന്നെ ഇന്ത്യയിൽ ഐഫോണിന്റെ പുതിയ സീരീസ് നിർമ്മിക്കുന്നത് വഴി വലിയ നേട്ടമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം അവസാനത്തോടെ ഐഫോൺ 17 ഉത്പാദനം ആരംഭിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. 2025 ൽ ആപ്പിൾ അവതരിപ്പിക്കാനിരിക്കുന്ന മോഡലാണ് ഐഫോൺ17. പ്രമുഖ ടെക് അനലിസ്റ്റായ മിങ് ചി കുവോ ആണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ ആഗോള തലത്തിൽ വിറ്റഴിക്കുന്ന ഐഫോണുകളിൽ 14 ശതമാനവും ഇന്ത്യയിൽ നിർമിക്കുന്നവയാണ്. 2024 ഓടു കൂടി ഇത് 25 ശതമാനം വരെ ഉയരാനിടയുണ്ട്. ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന ഐഫോണുകളിൽ 80 ശതമാനവും കരാർ കമ്പനിയായ ഫോക്സ്കോൺ ആണ് നിർമിക്കുന്നത്. അടുത്തവർഷത്തോടെ ചൈനയിലെ ഷെങ്ഷോ, തായുവാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉല്പാദനം യഥാക്രമം 45 ശതമാനം, 85 ശതമാനം എന്നിങ്ങനെ കുറയ്ക്കാനാണ് സാധ്യത.
ലോകത്തെവിടെയും നിർമാണം ആരംഭിക്കുന്നതിനു മുൻപ് ചൈനയ്ക്കു പുറമെ ഒരു നിർമാണ കേന്ദ്രം ആപ്പിൾ തുടങ്ങുക ഇന്ത്യയിലായിരിക്കുമെന്ന് ഉറപ്പാണ്. ടാറ്റ ഇന്ത്യയിൽ അസംബ്ലർ ആയതോടെ ഉത്പാദനം കൂടുതൽ എളുപ്പമായി. ഈ അടുത്താണ് തായ് വാൻ കമ്പനിയായ വിസ്ട്രോണിന്റെ നിർമ്മാണ ശാല ടാറ്റ വാങ്ങിയത്. ഏകദേശം 1040 കോടി രൂപയുടെ ഇടപാടായിരുന്നു ഇത്. ഇതോടെ ആപ്പിൾ ഐഫോൺ മോഡലുകൾ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി ടാറ്റ മാറി. പെഗട്രോൺ, ഫോക്സ്കോൺ തുടങ്ങിയ കമ്പനികളാണ് നിലവിൽ ഇന്ത്യയിൽ ഐഫോൺ ഉത്പാദനം നടത്തുന്നത്.
‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ ഐ ഫോൺ നിർമാണമുൾപ്പെടെയുള്ള ആഭ്യന്തര ഉൽപ്പാദനശ്രേണി വികസിക്കുമ്പോൾ ആഗോള ഇലക്ട്രോണിക് കമ്പനികൾ രാജ്യത്തെ ഉത്പാദന ഹബ്ബായി കാണുന്ന സുവിശേഷ സ്ഥിതിയുണ്ടാകുമെന്നാണ് പ്രതീക്ഷ.
Discussion about this post