ന്യൂഡൽഹി: ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം മോശമായതോടെ നഗരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. നഗരത്തിൽ അത്യാവശ്യമല്ലാത്ത എല്ലാ നിർമാണ പ്രവർത്തനങ്ങൾക്കും പൊളിക്കൽ ജോലികൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാന നഗരിയിലേക്കുള്ള ലഘു വാണിജ്യ വാഹനങ്ങളുടെയും ഡീസൽ ട്രക്കുകളുടെയും പ്രവേശനവും നിരോധിച്ചിട്ടുണ്ട്. എല്ലാ സർക്കാർ, സ്വകാര്യ പ്രൈമറി സ്കൂളുകളും രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന് ഡൽഹി സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ചു. നഗരത്തിലെ സ്ഥിതിഗതികൾ വഷളാകുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തേണ്ട തുടർനടപടികൾ ചർച്ച ചെയ്യാൻ അധികൃതർ ഇന്ന് ഉച്ചയ്ക്ക് 12ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
യോഗത്തിന് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് ഡൽഹി സെക്രട്ടേറിയറ്റിൽ പരിസ്ഥിതി മന്ത്രി ഗോപാൽ റായ് വാർത്താസമ്മേളനം നടത്തും. വിഷയത്തിൽ കൂടുതൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ മോശം സാഹചര്യം കണക്കിലെടുത്ത് ഈ മേഖലയിലെ അനാവശ്യ നിർമ്മാണ പ്രവർത്തനങ്ങൾ, ഖനനം എന്നിവ ഉടൻ നിരോധിക്കാൻ കേന്ദ്രത്തിന്റെ മലിനീകരണ നിയന്ത്രണ പാനൽ ഉത്തരവിട്ടിട്ടുണ്ട്.
വായു മലിനീകരണത്തിന്റെ സാഹചര്യം കണക്കിലെടുത്ത് ഡൽഹി, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ എന്നിവിടങ്ങളിൽ ബിഎസ് III പെട്രോൾ, ബിഎസ് IV ഡീസൽ ഫോർ വീലറുകൾ ഓടിക്കുന്നതിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
അനന്ത് വിഹാർ, ജഹാംഗിർപുരി, ദ്വാരക, നജാഫ്ഘട്ട്, നരേല തുടങ്ങിയ ഇടങ്ങളിലെല്ലാം വായുമലിനീകരണ തോത് 400 ന് മുകളിലാണ്.
ഡൽഹിയിലെ പല പ്രദേശങ്ങളിലും വെള്ളിയാഴ്ച എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 500ന് അടുത്ത് എത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ രോഹിണി (491), മുണ്ട്ക (498), ബവാന (496), പഞ്ചാബി ബാഗ് (493), വസീർപൂർ (491), അശോക് വിഹാർ (440), അലിപൂർ (442), വിവേക് വിഹാർ (458), ആർകെ പുരം (488), ഷാദിപൂർ (448), മേജർ ധ്യാന് ചന്ദ് സ്റ്റേഡിയം (481), നെഹ്റു നഗർ (461) എന്നിങ്ങനെയാണ് മലിനീകരണ തോത്.
ഈ മേഖലയിൽ വൈക്കോൽ കത്തിക്കുന്ന സംഭവങ്ങൾ വർധിച്ചതാണ് വായുവിന്റെ ഗുണനിലവാരത്തിലുണ്ടായ പെട്ടെന്നുള്ള ഇടിവിന് കാരണമെന്നാണ് കണ്ടെത്തൽ. പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി പ്രകാരം, വ്യാഴാഴ്ച ഡൽഹിയിലെ പിഎം2.5 മലിനീകരണത്തിന്റെ 25 ശതമാനവും വൈക്കോൽ കത്തിച്ചതിൽ നിന്നുള്ള പുകയാണ് എന്നാണ് കണ്ടെത്തൽ. വെള്ളിയാഴ്ച ഇത് 35 ശതമാനമായി ഉയരുമെന്നാണ് നിഗമനം.
ഡൽഹി എൻസിആർ മേഖലകളിലും വ്യാഴാഴ്ച ഉയർന്ന എക്യുഐ രേഖപ്പെടുത്തി. ഗുരുഗ്രാമിലെ പല പ്രദേശങ്ങളിലും മോശം വായു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളായ ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ പല നഗരങ്ങളിലും അപകടകരമായ വിധം വായു മലിനമാണ്.
Discussion about this post