ജയ്പൂർ: രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് ശക്തമായ തിരിച്ചടി. മുതിർന്ന നേതാവ് രാമേശ്വർ ദധിച്ച് ബിജെപിയിൽ ചേർന്നു. ഇതോട് കൂടി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിയായിരിക്കുകയാണ്.
ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആയിരുന്നു രാമേശ്വർ അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത് രാമേശ്വറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. രാമേശ്വറിന് പുറമേ മറ്റൊരു നേതാവായ വിനോദ് ശർമ്മയും ഇരുവരുടെയും ചില അനുയായികളും ബിജെപി അംഗത്വം സ്വീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതൃത്വവുമായുണ്ടായ അസ്വാരസ്യങ്ങളാണ് കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ പാർട്ടിവിടാൻ കാരണം എന്നാണ് റിപ്പോർട്ടുകൾ.
1980 മുതൽ കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന നേതാവാണ് രാമേശ്വർ. 50 വർഷത്തിലധികമായുള്ള കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് അദ്ദേഹം ബിജെപിയിൽ ചേർന്നിരിക്കുന്നത്. ജോധ്പൂരാണ് അദ്ദേഹത്തിന്റെ ശക്തി കേന്ദ്രം. തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കുമെന്നാണ് സൂചന.
Discussion about this post