ഉത്തർപ്രദേശ്: പത്ത് വർഷങ്ങൾക്ക് മുൻപ് തന്റെ സഹോദരിക്ക് നേരെ ആസിഡ് അക്രമണം നടത്തിയ പ്രതിയെ കൊലപ്പെടുത്തി സഹോദരങ്ങൾ. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. പ്രതിയെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബൈക്കിൽ കയറ്റി നദിയിൽ തള്ളുകയായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേന മൃതദേഹത്തിനായി നദിയിൽ തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല.
ദീപാവലി ദിവസം രാത്രി മുതലാണ് ആസിഡ് ആക്രമണം നടത്തിയ ഉമേഷ് ചൗഹാനെ കാണാതായത്. ഉത്തർപ്രദേശിലെ പിപ്രി സ്വദേശിയാണ് ഇയാൾ. വീട്ടുകാർ ഇയാൾക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് തിങ്കളാഴ്ച രാവിലെ വീട്ടുകാർ പോലീസിൽ വിവരമറിയിച്ചത്. പിന്നീടുള്ള അന്വേഷണത്തിലാണ് പോലീസ് യുവതിയുടെ സഹോദരൻമാരെ കസ്റ്റഡിയിലെടുത്തത്. കോടാലി ഉപയോഗിച്ച് ഉമേഷിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 200 മീറ്ററോളം വലിച്ചിഴച്ച് ബൈക്കിൽ കയറ്റി പുഴയിൽ തള്ളുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ഇവർ പോലീസിനോട് സമ്മതിച്ചു.
10 വർഷം മുമ്പാണ് യുവതിയുടെ ദേഹത്ത് ഉമേഷ് ചൗഹാൻ ആസിഡ് എറിഞ്ഞത്. ആസിഡ് ആക്രമണത്തിൽ ഇവരുടെ സഹോദരനും പരിക്കേറ്റിരുന്നു. ചികിത്സക്കിടെ യുവതി മരിച്ചതോടെ ഉമേഷിനോട് പ്രതികാരം ചെയ്യാൻ ഇവരുടെ സഹോദരനായ ഉപേന്ദ്ര തീരമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തി യുവതിയുടെ രണ്ട് സഹോദരങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post