ഇടുക്കി: വ്യാജവാർത്ത നൽകിയ ദേശാഭിമാനിയ്ക്കെതിരെ നിയമനടപടിയുമായി മറിയക്കുട്ടി മുന്നോട്ട്. പത്രത്തിനെതിരെ അടിമാലി കോടതിയിൽ മറിയക്കുട്ടി കേസ് കൊടുക്കും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേ പെൻഷൻ വിതരണത്തിൽ ഇടപെടണമെന്ന് കാട്ടി ഹൈക്കോടതിയിലും മറിയക്കുട്ടി ഹർജി നൽകി.
ദേശാഭിമാനി വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണം ആണ് മറിയക്കുട്ടിയ്ക്ക് നേരിടേണ്ടിവന്നത്. ഇപ്പോഴും ഇത് തുടരുകയാണ്. ഇതിനിടെയാണ് പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നത്.
ക്ഷേമപെൻഷൻ മുടങ്ങിയതിന് പിന്നാലെ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടി സമ്പന്നയാണ് എന്ന തരത്തിൽ ആയിരുന്നു മാദ്ധ്യമം വാർത്ത നൽകിയത്. അടിമാലി ഇരുന്നൂറേക്കറിൽ താമസിക്കുന്ന മറിയക്കുട്ടിയ്ക്ക് സ്വന്തമായി ഏക്കറു കണക്കിന് ഭൂമിയുണ്ടെന്നും, മകൾ വിദേശത്താണെന്നും പത്രം വാർത്ത നൽകിയിരുന്നു. എന്നാൽ തന്റെ പേരിൽ ഭൂമിയില്ലെന്നുള്ള സാക്ഷ്യപത്രം മറിയക്കുട്ടി വാർത്തയ്ക്ക് പിന്നാലെ പുറത്തുവിടുകയായിരുന്നു.
ഇതോടെ പത്രം വ്യാജ വാർത്ത നൽകിയതാണെന്ന് വ്യക്തമായി. മറിയക്കുട്ടിയുടെ ദുരിതം കണ്ട് നിരവധി പേർ സഹായിക്കാൻ എത്തിയിരുന്നു. എന്നാൽ വാർത്ത കണ്ടതോടെ എല്ലാവരും പിന്മാറുകയായിരുന്നു. ഇതും സൈബർ ആക്രമണവുമാണ് മറിയക്കുട്ടിയെ നിയമനടപടിയ്ക്കായി പ്രേരിപ്പിച്ചത്. ഇതിനിടെ പത്രം ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മറിയക്കുട്ടി വ്യക്തമാക്കുകയായിരുന്നു.
Discussion about this post