ന്യൂഡൽഹി: ഉത്തരകാശിയിൽ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനായുള്ള രക്ഷാപ്രവർത്തനങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി ഫോണിൽ സംസാരിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു. ഇവരെ പുറത്തെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടന്നുവരികയാണ്. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ നൽകി വരുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ പറഞ്ഞു. കേന്ദ്രവും ഉത്തരാഖണ്ഡ് സർക്കാരും പരസ്പരം ഏകോപനത്തോടെ പ്രവർത്തിക്കുകയാണെന്നും എത്രയും വേഗം തന്നെ തൊഴിലാളികളെ പുറത്തെത്തിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ മനോവീര്യം നിലനിർത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും പ്രധാന മന്ത്രി നിർദേശിച്ചു.
രക്ഷാപ്രവർത്തനത്തിനായി പുതിയ യന്ത്രങ്ങൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. റെയിൽ വികാസ് നിഗം ലിമിറ്റഡ്, എൻഎച്ച്ഐഡിസിഎൽ, സത്ലജ് ജൽ വിദ്യുത് നിഗം ലിമിറ്റഡ് (എസ്ജെവിഎൻഎൽ) എന്നീ ഏജൻസികൾ വെർട്ടിക്കൽ ഡ്രില്ലിംഗ് തുടങ്ങിക്കഴിഞ്ഞു. 75 ടൺ ഭാരമുള്ള ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. ഇവ വായുമാർഗം എത്തിക്കാൻ സാധിക്കാത്തതിനാൽ, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ മലമുകളിൽ റോഡും വെട്ടിയിട്ടുണ്ട്. ഗുജറാത്തിൽ നിന്നും ഒഡീഷയിൽ നിന്നും റെയിൽവേ വഴിയും ഉപകരണങ്ങൾ എത്തിച്ചു.
നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്ഡിസിഎൽ), ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി), സത്ലജ് ജൽ വിദ്യുത് നിഗം (എസ്ജെവിഎൻഎൽ), തെഹ്രി ഹൈഡ്രോ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (ടിഎച്ച്ഡിസി), റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ) എന്നിവയും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുന്നുണ്ട്. ഇന്ത്യൻ ആർമിയുടെ കൺസ്ട്രക്ഷൻ വിഭാഗവും രക്ഷാപ്രവർത്തനത്തിൽ സഹകരിക്കുന്നുണ്ട്.
തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതിന് മുകളിൽ നിന്ന് ഒരു ലംബമായി ഡ്രില്ലിംഗ് നടത്തും. ഇതു കൂടാതെ, തുരങ്കം തകർന്ന അവശിഷ്ടങ്ങളിലൂടെ തിരശ്ചീനമായും തുരങ്കം നിർമിക്കും. തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ രക്ഷാപ്രവർത്തനം എത്രയും വേഗം പൂർത്തിയാക്കാൻ റെസ്ക്യൂ ടീമിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് നോഡൽ സെക്രട്ടറി നീരജ് ഖന്ന പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മുൻ ഉപദേഷ്ടാവ് ഭാസ്കർ ഖുൽബെ, ഡെപ്യൂട്ടി സെക്രട്ടറി മങ്കേഷ് ഗിൽഡിയാൽ എന്നിവർ രക്ഷാപ്രവർത്തകർക്ക് കർശന നിർദ്ദേശം നൽകി. ഭാസ്കർ ഖുൽബെ, ഡെപ്യൂട്ടി സെക്രട്ടറി മങ്കേഷ് ഗിൽഡിയാൽ, ഡിസാസ്റ്റർ മാനേജ്മെന്റ് സെക്രട്ടറി രഞ്ജീത് സിൻഹ എന്നിവർ ഡെറാഡൂണിലേക്ക് പോയതായി നോഡൽ സെക്രട്ടറി അറിയിച്ചു.
Discussion about this post