തിരുവനന്തപുരം: മാലിദ്വീപ് മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എറണാകുളത്തും കോഴിക്കോടും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി മഴ കനത്തേക്കുമെന്നാണ് റിപ്പോർട്ട്.
നാളെയോടെ ആൻഡമാൻ കടലിൽ ഒരു ചക്രവാതച്ചുഴിയും രൂപപ്പെടും. പിന്നീട് ഇത് തീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 2023 നവംബർ 25 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും നവംബർ 26, 27 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കൂടാതെ, കേരള തീരത്ത് 24-11-2023 (ഇന്ന്) രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിക്കുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post