ലക്നൗ: ശ്രീരാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ നൂറ് ചാർട്ടേഡ് വിമാനങ്ങൾ അയോദ്ധ്യയിൽ ഇറങ്ങുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹർഷി വാത്മീകി വിമാനത്താവളത്തിന്റെ സാധ്യതകൾ വർദ്ധിപ്പിക്കാൻ ഇത് സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിന് നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം നൽകിയതിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഡിസംബർ 30 നാണ് മഹർഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. 1440 കോടിയിലധികം രൂപ ചിലവഴിച്ചാണ് അത്യാധുനീക സൗകര്യങ്ങളുളള വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം വികസിപ്പിച്ചിരിക്കുന്നത്. 6,500 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് വിമാനത്താവളത്തിന്റെ ടെർമിനൽ നിർമാണം. പ്രതിവർഷം പത്ത് ലക്ഷത്തോളം യാത്രക്കാരെ വഹിക്കാനുള്ള ശേഷി ടെർമിനലിനുണ്ട്.
ടെർമിനൽ കെട്ടിടത്തിന്റെ മുൻഭാഗം അയോദ്ധ്യയിൽ നിർമ്മാണത്തിലിരിക്കുന്ന ശ്രീരാമ ക്ഷേത്ര വാസ്തുവിദ്യയെ ചിത്രീകരിക്കുന്നതാണ്. ടെർമിനൽ കെട്ടിടത്തിന്റെ അകത്തളങ്ങൾ ഭഗവാൻ ശ്രീരാമന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന പ്രാദേശിക കലാ വിരുതുകൾ, ചിത്രങ്ങൾ, ചുവർചിത്രങ്ങൾ എന്നിവയാൽ അലങ്കരിച്ചിരിക്കുന്നു.
Discussion about this post