മുംബൈ : വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണികളിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിഫ്റ്റി 50 വൻ നേട്ടം കൊയ്ത് സർവകാല റെക്കോർഡിൽ എത്തി. സെൻസെക്സിലും വലിയ ഉയർച്ചയാണ് രേഖപ്പെടുത്തിയത്. ഇന്ത്യൻ ഐടി മേഖലയിലെ ഓഹരികളിൽ വൻ കുതിപ്പ് ഉണ്ടായതാണ് ഓഹരി വിപണി റെക്കോർഡ് ഉയരത്തിൽ എത്താൻ കാരണമായത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം എൻഎസ്ഇ നിഫ്റ്റി 50 0.81% അഥവാ 176.25 പോയിന്റ് ഉയർന്ന് 21,823.45 ലും എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് 0.82% അഥവാ 589.47 പോയിന്റ് ഉയർന്ന് 72,310.65 ലും എത്തി. ഇൻഫോസിസ്, വിപ്രോ, എച്ച് സി എൽ അടക്കമുള്ള ഇന്ത്യൻ ഐടി വിപണിയിലെ ഓഹരികൾ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. ഐടി ഓഹരികൾ കൂടാതെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികളും വെള്ളിയാഴ്ച വൻ കുതിപ്പ് കാഴ്ചവച്ചു.
ഇൻഫോസിസ് ലിമിറ്റഡ്, ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, എച്ച്സിഎൽ ടെക്നോളജീസ് ലിമിറ്റഡ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികളിൽ ഉണ്ടായ ഉയർച്ചയാണ് നിഫ്റ്റി റെക്കോർഡ് ഉയരത്തിൽ എത്താൻ കാരണമായത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്, ഏഷ്യൻ പെയിന്റ്സ് ലിമിറ്റഡ്, ടൈറ്റൻ കമ്പനി ലിമിറ്റഡ്, ബജാജ് ഫിൻസെർവ് ലിമിറ്റഡ്, സിപ്ല ലിമിറ്റഡ് എന്നിവയും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഓഹരി വിപണിയിൽ വളർച്ച രേഖപ്പെടുത്തി.
Discussion about this post