കോഴിക്കോട് : കോഴിക്കോട് ഒരു കുടുംബത്തിൽ നിന്നും അഞ്ചു പേരെ കാണാതായതായി പരാതി. കൂരാച്ചുണ്ട് എരപ്പാംതൊടിയിൽ താമസിച്ചു വരുന്ന അന്യസംസ്ഥാനക്കാരനായ സർക്കസ് തൊഴിലാളിയുടെ കുടുംബത്തിൽ നിന്നുമാണ് അഞ്ചു പേരെ കാണാതായതായി പരാതി ലഭിച്ചിട്ടുള്ളത്. മധു ഷെട്ടി എന്ന സർക്കസ് തൊഴിലാളിയുടെ ഭാര്യയെയും മക്കളെയും ഭാര്യാസഹോദരിയുടെ മക്കളെയും ആണ് കാണാതായിട്ടുള്ളത്.
ജനുവരി 20 മുതൽ തന്റെ കുടുംബത്തിലെ അഞ്ച് പേരെ കാണാനില്ലെന്ന് കാണിച്ച മധു ഷെട്ടി ആണ് കോഴിക്കോട് പോലീസിൽ പരാതി നൽകിയിട്ടുള്ളത്. ഇവരുടെയെല്ലാം ഫോണുകളും ഓഫാണ്. കഴിഞ്ഞ 10 വർഷമായി കൂരാച്ചുണ്ടിൽ താമസിച്ചു വരുന്നവരാണ് മധു ഷെട്ടിയും കുടുംബവും. ജനുവരി 24നാണ് മധു ഷെട്ടി കുടുംബാംഗങ്ങളെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയത്.
പരാതി നൽകിയിരിക്കുന്ന മധു ഷെട്ടിയുടെ ഭാര്യ സ്വപ്ന, മക്കളായ പൂജശ്രീ (13), കാവ്യശ്രീ (12), ഭാര്യയുടെ സഹോദരിയുടെ മക്കളായ ഭാരതി (18), തേജ് (17) എന്നിവരെയാണ് കാണാതായത്. പോലീസ് അന്വേഷണത്തിൽ ഇവർ കർണാടകയിൽ ഉള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. വൈഫൈ ഉപയോഗിച്ച് സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിച്ചതിൽ നിന്നുമാണ് ഇവർ കർണാടകയിൽ ഉണ്ടെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയിട്ടുള്ളത്. കർണാടക പോലീസുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ചിട്ടുള്ളതായി കോഴിക്കോട് പോലീസ് അറിയിച്ചു.
Discussion about this post