ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവായ ഷെയ്ഖ് ഷാജഹാനും കൂട്ടരും ചേർന്ന് സ്ത്രീകൾക്ക് നേരെ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ കടുപ്പിച്ച് ബിജെപി. ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 72 മണിക്കൂർ നീണ്ടു നിൽക്കുന്ന പ്രതിഷേധ സമരം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകന്ദ മജുംദാർ അറിയിച്ചു.
ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വരും ദിവസങ്ങളിൽ 72 മണിക്കൂർ നീണ്ട പ്രതിഷേധം സംഘടിപ്പിക്കും. ഫെബ്രുവരി 22ന് പ്രതിഷേധ സമരം ആരംഭിക്കുമെനന്നും സുകന്ദ മജുംദാർ പറഞ്ഞു.
ടിഎംസി നേതാവ് മമത ബാനർജിക്കെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു. ഒരു വനിതാ മുഖ്യമന്ത്രിയെന്ന നിലയിൽ സംസ്ഥാനത്തെ സ്ത്രീകളോട് മമത ബാനർജി അൽപ്പം മൃതുസമീപനം പുലർത്തണം. നിരുത്തരവാദിത്വപരമായ പ്രസ്താവനകളാണ് മമത നടത്തുന്നത്. തങ്ങൾക്കെതിരെ അതിക്രമങ്ങൾ നടന്നിട്ടുണ്ടെന്ന് സന്ദേശ്ഖാലിയിലെ സ്ത്രീകൾ പറയുന്നു. അതിന് ബിജെപി എങ്ങനെയാണ് ഉത്തരവാദികളാകുക?. ആദ്യം സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങളെയെല്ലാം നിഷേധിക്കുന്ന നിലപാടാണ് ടിഎംസി സ്വീകരിച്ചതെന്നും മജുംദാർ വ്യക്തമാക്കി.
പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് വേണ്ടി ചിലവഴിക്കേണ്ട പണം മുഴുവൻ രാഷ്ട്രീയക്കാർക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ അവർ എന്തിനാണ് പ്രിവിലേജ് കമ്മിറ്റിയെ ഭയപ്പെടുന്നതെന്നും ബിജെപി നേതാവ് ചോദിച്ചു.
Discussion about this post