രാഷ്ട്രീയ കേരളം ചെമണ്ണെന്ന് വിശേഷിപ്പിക്കുന്ന നാടാണ് കണ്ണൂർ. ഏതുനിമിഷവും ആളിപ്പടരാവുന്ന രാഷ്ട്രീയ പകക്കനൽ മൂലമുണ്ടായ രക്തചൊരിച്ചിൽ തന്നെയാണ് കണ്ണൂരിനെ ചുവപ്പിച്ചതും അതിനെ നിലനിർത്തുന്നതും. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ കണ്ണൂർ ജില്ലയിൽ മാത്രം ഇരുന്നൂറ്റി മുപ്പതോളം രാഷ്ട്രീയ പ്രവർത്തകരുടെ ജീവനാണറ്റത്. അപൂർവ്വം സന്ദർഭങ്ങളിൽ നേതാക്കൾക്ക് നേരെ കൊലക്കത്തി ഉയർന്നത് മാറ്റി നിർത്തിയാൽ രാഷ്ട്രീയപക പോക്കലിൽ ജീവൻ നഷ്ടപ്പെട്ടത് സാധാരണക്കാർക്കാണ്. ഭയാനകമായ ഈ കണ്ണൂർ മോഡലിനെ തൂത്തെറിയാൻ പല സമാധാന ചർച്ചകളും കാലങ്ങളായി നടത്തിവരാറുണ്ടെങ്കിലും കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ഇപ്പോഴും വടിവാളിന് മൂർച്ച കൂട്ടലും ബോംബ് നിർമ്മാണവും തകൃതിയായി നടക്കാറുണ്ടെന്ന് തന്നെയാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.
രാഷ്ട്രീയ കേരളം ഇങ്ങനെ തിളച്ചുമറിയുമ്പോൾ സാധാരണ ജനം അയ്യേ എന്ന് പറഞ്ഞ് മൂക്കത്ത് വിരൽ വയ്ക്കുന്ന ഒരു സംഭവമാണ് കണ്ണൂരിൽ നിന്നും പുറത്ത് വരുന്നത്. പാനൂരിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരക മന്ദിരം നിർമ്മിച്ച് അതിന്റെ ഉദ്ഘാടനമാമാങ്കം നടത്താൻ ഒരുങ്ങുകയാണേ്രത സിപിഎം. ഈമാസം 22 ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. പാനൂർ സ്വദേശികളായ ഷൈജു, സുബീഷ് എന്നിവർക്ക് വേണ്ടിയാണ് ലക്ഷങ്ങൾ ചിലവിട്ട് രക്തസാക്ഷി മന്ദിരം പണി കഴിപ്പിച്ചിരിക്കുന്നത്.
പ്രശ്നങ്ങളുണ്ടാകുമ്പോൾ പ്രവർത്തകരെ തള്ളിപ്പറയുകയും പിന്നീടു സഹായംചെയ്ത് കൂടെ നിർത്തുകയും ചെയ്യുന്ന നിലപാടാണ് സിപിഎം ഇത്തരം വിഷയങ്ങളിൽ സ്വീകരിക്കുന്നതെന്ന ആരോപണം പാർട്ടിക്കെതിരെ നേരത്തേയും ഉയർന്നിട്ടുണ്ട്. ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടാൽ അവർ പാർട്ടിയിലുള്ളവരല്ലെന്ന് ആദ്യം പറയുകയും തൊട്ടടുത്ത വർഷം മുതൽ അവരെ രക്തസാക്ഷിപ്പട്ടികയിൽ ചേർത്ത് അനുസ്മരണപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുകയെന്ന സിപിഎംരീതി നാടിനു പുതുമയല്ല. എന്നാൽ വിശ്വസിച്ച പ്രസ്ഥാനത്തിന്റെ കൊടിപിടിയ്ക്കാൻ പോലും ആവാത്ത വിധം കൈകൾ നഷ്ടപ്പെട്ട യുവാക്കളുടെ നാടായി പാർട്ടിഗ്രാമങ്ങൾ മാറുന്ന കാഴ്ച നിർഭാഗ്യകരംതന്നെ.
2015 ജൂൺ ആറിനാണ് ഷൈജു, സുബീഷ് എന്നിവർ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെടുന്നത്. കുന്നിൻ മുകളിലെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനമുണ്ടാവുകയായിരുന്നു. രണ്ട് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സ്ഫോടനത്തിൽ പാർട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് എതിരാളികൾ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നുമാണ് അന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. എന്നാൽ സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനായിരുന്നു. സംസ്കരിച്ചത് ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാർട്ടി വക ഭൂമിയിലും. 2016 ഫെബ്രുവരിയിൽ സിപിഎം നേതൃത്വത്തിൽ ഇരുവർക്കും സ്മാരകം നിർമിക്കാൻ ധനസമാഹരണം നടത്തി. 2016 ജൂൺ 6 മുതൽ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. സിപിഎം രക്തസാക്ഷികളുടെ പട്ടികയിലും ഇരുവരുടെയും പേരുകളുണ്ട്. ആർഎസ്എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവർ എന്നാണ് പേരിനൊപ്പമുള്ള വിശദീകരണം. ഇതിനെല്ലാം ശേഷമാണ് ഇപ്പോൾ ജനങ്ങളുടെ കയ്യിൽ നിന്ന് പിരിവെടുത്ത് സിപിഎം ഇവർക്ക് സ്മാരകം പണിതിരിക്കുന്നത്.
ചോരയ്ക്ക് ചോരയെന്ന പ്രതികാരരാഷ്ട്രീയം മുന്നിൽ കണ്ട് ബോംബ് നിർമ്മിക്കുന്നതിനിടയിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി രക്തസാക്ഷി മണ്ഡപം നിർമ്മിക്കുന്നതിലൂടെ സിപിഎം വെല്ലുവിളിക്കുന്നത്. കേരളീയ പൊതുസമൂഹത്തെയാണ്. സമാധാനപ്രിയരായ ജനങ്ങളുടെ ചതിച്ച് നെഞ്ചിടിപ്പ് കൂട്ടുന്ന പ്രവർത്തിയാണിതെന്ന് പറയാതെ വയ്യ. പൊതുസമൂഹത്തിൽ ആശങ്കയും അസ്വസ്ഥതയും മാത്രം ബാക്കിവയ്ക്കുന്ന ഇത്തരം നടപടികൾ ഭരണകക്ഷിയിലുൾപ്പെട്ട പാർട്ടിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരാകട്ടെ അത് നിർമ്മിക്കുമ്പോൾ ജീവൻപോയവരാകട്ടെ, എല്ലാ ജീവനുകളും വിലപ്പെട്ടതാണ്. അതിലേക്ക് വഴിവച്ച് സാഹചര്യം ആവർത്തിക്കപ്പെടാനും പാടില്ല. വെടിമരുന്നിന് മേൽ തലവച്ചുറങ്ങാൻ പ്രോത്സാഹിപ്പിക്കുന്നവയൊന്നും പാർട്ടിയിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നില്ല. ചോരക്കളിക്ക് പ്രോത്സാഹനം നൽകിയാണോ പാർട്ടിയെ നിലനിറുത്തേണ്ടതെന്ന ചോദ്യം ജനം ചോദിക്കുമ്പോൾ അതിന് വ്യക്തമായ മറുപടി ഉത്തരവാദിത്വപ്പെട്ടവരിൽ നിന്ന് ഉണ്ടാകേണ്ടതുണ്ട്.
Discussion about this post