തിരുവനന്തപുരം: കേരളത്തില്‍ 2017മുതല്‍ 2021വരെ യുള്ള 5 വര്ഷം കൊണ്ട് ദുരൂഹസാഹചര്യത്തില്‍ കാണാതായത് 35,336 സ്ത്രീകൾ. ഇതിൽ പലരെയും ഇതുവരെ കണ്ടെത്തിയിട്ടുമില്ല . ഇത്തരം കേസുകള്‍ ഒളിച്ചോട്ടമായും നാടുവിടലായും മറ്റും എഴുതിത്തള്ളുകയാണ് ചെയ്യുന്നത് എന്നാണ് ലഭ്യമായ വിവരം. എന്നാൽ ഇത് കൂടാതെ 2021നു ശേഷമുള്ള കണക്കുകള്‍ പൊലീസ് പുറത്തുവിടുന്നുമില്ല എന്നത് എത്രമാത്രം സങ്കീർണ്ണമാണ് കാര്യങ്ങൾ എന്നതിലേക്കാണ് വെളിച്ചം വീശുന്നത്.
ഐ.ജിമാരുടെ മേല്‍നോട്ടത്തില്‍ ജില്ലകളിലെ സി-ബ്രാഞ്ചുകള്‍ ഇത്തരം കേസുകള്‍ അന്വേഷിക്കുന്നുണ്ടെങ്കിലും ഒച്ചിഴയുന്ന വേഗതയിലാണ് അന്വേഷണം എന്നാണ് പരാതി. പലപ്പോഴും പ്രാഥമികമായ അന്വേഷണം പോലും നടത്താതെ ഒളിച്ചോടിയെന്ന് ഭര്‍ത്താവോ ബന്ധുക്കളോ നല്‍കുന്ന മൊഴി വിശ്വസിക്കുകയാണ് പതിവ്. അടുത്തിടെ കാണാതായ കൊച്ചി എടവനക്കാട്ടെ രമ്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയെന്നാണ് ഭര്‍ത്താവ് സജീവന്‍ പ്രചരിപ്പിച്ചത്. പക്ഷേ രമ്യയെ കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തി വാടകവീട്ടിന്റെ മുറ്റത്ത് കുഴിച്ചിട്ടിരിക്കയായിരുന്നു. കാണാനില്ലെന്ന് പരസ്യം നല്‍കിയ ശേഷം കേസ് അവസാനിപ്പിക്കാനായിരുന്നു പൊലീസിനും തിടുക്കം.
സ്ത്രീകളെയും കുട്ടികളെയും കാണാതായാല്‍ സ്റ്റേഷന്റെ പരിധിക്കപ്പുറമാണെന്ന് പറഞ്ഞ് ഇടപെടാതിരിക്കരുത്. ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയാല്‍ കര്‍ശന നടപടിയുണ്ടാവും എന്ന ഡി ജി പി യുടെ സർക്കുലർ അടക്കം നിലനിൽക്കുമ്പോഴാണ് പോലീസ് ഇത്തരത്തിൽ നിസ്സംഗത തുടരുന്നത് എന്നാണ് യാഥാർഥ്യം
Discussion about this post