ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനത്തിൽ ബോംബ് വച്ചതായി സന്ദേശം. ഇതേ തുടർന്ന് വിമാനത്തിൽ ബോംബ് സ്ക്വാഡും പോലീസും പരിശോധന നടത്തി. രാവിലെയോടെയായിരുന്നു സംഭവം.
ഡൽഹിയിൽ നിന്നും ദുബായിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് ബോംബ് വച്ചിട്ടുള്ളതായി സന്ദേശം ലഭിച്ചത്. വിമാനത്താവളത്തിന്റെ ഔദ്യോഗിക ഇ മെയിൽ വിലാസത്തിലേക്ക് ഭീഷണി സന്ദേശം എത്തുകയായിരുന്നു. ഉടനെ ജീവനക്കാർ വിവരം പോലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അറിയിച്ചു.
പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സന്ദേശം വ്യാജമാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. സന്ദേശം എത്തിയ ഇ മെയിൽ വിലാസം കേന്ദ്രീകരിച്ചാണ് അന്വേഷണം.
അടുത്തിടെയായി വിമാനങ്ങളിലും വിമാനത്താവളത്തിലും ബോംബ് വച്ചതായുള്ള ഭീഷണി സന്ദേശങ്ങൾ എത്തുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ മാസം ഡൽഹിയിൽ നിന്നും കാനഡയിലേക്കുള്ള വിമാനത്തിലും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. നിരന്തരമായി ഭീഷണി സന്ദേശങ്ങൾ എത്തുന്ന പശ്ചാത്തലത്തിൽ വലിയ ഭീതിയിലാണ് യാത്രികർ.
Discussion about this post