ചെന്നൈ: നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന നടനും വെട്രികഴകം നേതാവുമായ വിജയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ഡിഎംകെയുടെ പാത പിന്തുടരുന്നത് വിജയുടെ പാർട്ടിയ്ക്ക് രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നീറ്റ് പരീക്ഷയിൽ ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടുവെന്നും, അതിനാൽ പരീക്ഷ റദ്ദാക്കണം എന്നുമായിരുന്നു വിജയ് പറഞ്ഞത്. നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്ന പശ്ചാത്തലത്തിൽ ആയിരുന്നു വിജയുടെ പ്രതികരണം. നിലവിൽ ഡിഎംകെ സർക്കാർ നീറ്റ് പരീക്ഷയ്ക്ക് എതിരാണ്. ഇതേ പാതയാണ് വിജയും പിന്തുടരുന്നത്. ഇത് വിജയ്ക്ക് രാഷ്ട്രീയ നേട്ടങ്ങൾ നൽകുമെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.
എല്ലാ പാർട്ടിക്കാരും നീറ്റ് പരീക്ഷയ്ക്ക് എതിരാണ്. സംസ്ഥാന സർക്കാർ എന്തുകൊണ്ടാണ് നീറ്റ് പരീക്ഷയെ എതിർക്കുന്നത് എന്ന കാര്യം വ്യക്തമല്ല. നീറ്റ് പരീക്ഷയെ എതിർക്കുകയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം കൊണ്ടുവരികയും ചെയ്യുന്നതിന് മുൻപ് സർക്കാർ ഒരു കാര്യം ചെയ്യണം. താഴേക്കിടയിൽ നിന്നും നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ പട്ടിക തയ്യാറാക്കുക. എന്നിട്ട് പരീക്ഷ കഴിഞ്ഞ എത്ര പേർക്ക് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രവേശനം ലഭിച്ചുവെന്ന് നോക്കുക. ഈ കണക്കുകൾ എന്താണ് സത്യകഥ എന്ന് വ്യക്തമാക്കുമെന്നും അണ്ണാമലൈ വ്യക്തമാക്കി.
Discussion about this post