ന്യൂഡൽഹി : പാരീസ് ഒളിമ്പിക്സ് മെഡൽ ജേതാവ് അമൻ സെഹ്രാവത്തിനെ ഫോണിൽ വിളിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുരുഷഗുസ്തിയിൽ വെങ്കലമെഡൽ നേടിയതിന് പ്രധാനമന്ത്രി അമന് അഭിനന്ദനങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച നടന്ന പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഇനത്തിൽ ആണ് അമൻ സെഹ്രാവത്ത് വെങ്കലം നേടിയത്.
ഇന്ത്യയിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിഗത മെഡൽ ജേതാവാണ് അമൻ. 2028 ഒളിമ്പിക്സിൽ രാജ്യത്തേക്ക് സ്വർണ്ണ മെഡൽ കൊണ്ടുവരണം എന്നാണ് ആഗ്രഹം എന്ന് പ്രധാനമന്ത്രിയുമായുള്ള ഫോൺ സംഭാഷണത്തിൽ അമൻ പ്രത്യാശ പ്രകടിപ്പിച്ചു. അതിനായി രാജ്യത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി അദ്ദേഹത്തിന് ഉറപ്പുനൽകി.
അമന്റെ വെങ്കല മെഡൽ നേട്ടം രാജ്യത്തെ യുവജനതയ്ക്ക് വലിയ പ്രചോദനമാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. പതിനൊന്നാം വയസ്സിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട അമൻ നിരവധി കഠിനപാതകളിലൂടെ കടന്നു വന്നതാണ് പാരിസ് ഒളിമ്പിക്സിൽ വെങ്കല നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വെങ്കല മെഡൽ പോരാട്ടത്തിന് യോഗ്യത നേടുന്നതിന് സെമിഫൈനലിന് ശേഷം അദ്ദേഹം 4.6 കിലോ ഭാരം കുറയ്ക്കുകയും ചെയ്തിരുന്നു. സെമിഫൈനലിന് ശേഷം 10 മണിക്കൂർ സമയം ഉറങ്ങാതെ കഠിനമായി വർക്ക് ഔട്ടുകൾ ചെയ്തു കൊണ്ടാണ് അദ്ദേഹം 4.6 കിലോ ശരീരഭാരം കുറച്ചത്.
Discussion about this post