എണാകുളം: വർഷങ്ങൾ കഴിഞ്ഞിട്ടും കലാഭവൻ മണിയുടെ മരണം മറക്കാൻ കഴിയുന്നില്ലെന്ന് നടൻ ഇടവേള ബാബു. പ്രമുഖ മാഗസീന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇടവേള ബാബു മണി മരിച്ച രാത്രിയിലെ സംഭവങ്ങളെക്കുറിച്ച് ഓർത്തെടുത്തത്. മണിയുമായി വലിയ അടുപ്പം ആയിരുന്നു തനിക്ക് ഉണ്ടായിരുന്നത് എന്നും ഇടവേള ബാബു പ്രതികരിച്ചു.
മണി ആശുപത്രിയിലായ വിവരം അറിഞ്ഞയുടൻ തന്നെ താൻ ആശുപത്രിയിൽ എത്തിയിരുന്നു. നാദിർഷയാണ് വിവരം തന്നെ അറിയിച്ചത്. ആശുപത്രിയിൽ എത്തിയപ്പോൾ മണിയുടെ ശരീരത്തിൽ വിഷാംശം ഉണ്ടെന്ന് പറഞ്ഞു. ഇത് വലിയ ഞെട്ടലായിരുന്നു ഉണ്ടാക്കിയത്. മരണം സംഭവിക്കുമെന്ന് കലാഭവൻ മണി ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എനിക്കെന്തെങ്കിലും പറ്റിയാൽ ബാബു ചേട്ടനെ വിവരം അറിയിക്കണം എന്ന് പറഞ്ഞിട്ടാണ് മണി പോയത് എന്നും ഇടവേള ബാബു പറഞ്ഞു.
അന്ന് രമേശ് ചെന്നിത്തലയാണ് ആഭ്യന്തര മന്ത്രി. ശരീരത്തിൽ വിഷാംശം കണ്ടെത്തിയതായുള്ള വാർത്ത പുറത്തുവന്നതോടെ തുടർ നടപടിക്രമങ്ങൾക്ക് നിയമം കൃത്യമായി പാലിക്കണം എന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഒട്ടും വൃത്തിയില്ലാത്ത മുറിയായിരുന്നു അത്. അവിടെ അവനെ കിടക്കാൻ ഒട്ടും മനസ്സ് വന്നില്ല. ഒടുവിൽ ആംബുലൻസിൽ ഫ്രീസറിൽ വച്ചു. രാത്രി മുഴുവൻ അതിലാണ് കിടത്തിയത് എന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു.
Discussion about this post