കാസർകോഡ് : കാസർകോഡ് മുള്ളേരിയയിൽ യുവ വൈദികൻ ഷോക്കേറ്റ് മരിച്ചു. സ്വാതന്ത്ര്യദിനത്തിൽ ഉയർത്തിയ ദേശീയപതാക തിരിച്ചെടുക്കുന്നതിനിടയിലായിരുന്നു അപകടം. ഇരുമ്പ് കൊടിമരം വൈദ്യുതി ലൈനിൽ തട്ടിയാണ് വൈദികന് ഷോക്കേറ്റത്. മുള്ളേരിയ ഇൻഫന്റ് ജീസസ് ചർച്ചിലെ വികാരി ഫാ. മാത്യു കുടിലിൽ (30) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ ആയിരുന്നു അപകടം നടന്നത്. ദേശീയപതാക കൊടിമരത്തിൽ കുരുങ്ങിയതിനെ തുടർന്നായിരുന്നു വൈദികൻ കൊടിമരം ഊരിയെടുക്കാൻ ശ്രമിച്ചത്. ഊരിയെടുക്കുന്നതിനിടെ കൊടിമരത്തിന്റെ ഇരുമ്പ് ദണ്ഡ് മുകളിലെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.
ഷോക്കേറ്റ് ഫാ. മാത്യുവിന്റെ കൂടെയുണ്ടായിരുന്ന അസി.വികാരി സെബിൻ ജോസഫ് ദൂരേക്ക് തെറിച്ചു വീണു. ഫാ. മാത്യുവിനെ ഉടൻ തന്നെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഒന്നര വർഷം മുൻപാണ് ഇൻഫന്റ് ജീസസ് ചർച്ചിലെ വികാരിയായി ചുമതലയേറ്റിരുന്നത്.
Discussion about this post