തിരുവനന്തപുരം: കഴിഞ്ഞദിവസം അന്തരിച്ച നടന് ടി.പി. മാധവന്റെ സംസ്കാരച്ചടങ്ങുകള്‍ തിരുവനന്തപുരം ശാന്തികവാടത്തില്‍ നടന്നു. ഗാന്ധി ഭവനിലെ പൊതുദര്‍ശനത്തിന് ശേഷമാണ് ശാന്തികവാടത്തില്‍ എത്തിച്ചത്. മകനും മകളും ബന്ധുക്കളുമടക്കം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. രണ്ടുമണിയോടെയാണ് ഗാന്ധി ഭവനില്‍ പൊതുദര്‍ശനം ആരംഭിച്ചത്.
വര്‍ഷങ്ങളായി കുടുംബവുമായി അകന്നുകഴിയുകയായിരുന്നു ടി.പി. മാധവന്. മകന് രാധാകൃഷ്ണ മേനോന് ബോളിവുഡിലെ ഹിറ്റ് സംവിധായകനാണ്. മകന് ചെറുതായിരിക്കുമ്പോള്‍ തന്നെ കുടുംബത്തെ ഉപേക്ഷിച്ച് ടി.പി. മാധവന് സിനിമയിലേക്ക് തിരിഞ്ഞിരുന്നു. കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു.
നാലുപതിറ്റാണ്ടുകാലത്തെ സിനിമാജീവിതത്തില്‍ അറുന്നൂറോളം സിനിമകളിലും മുപ്പതിലധികം ടി.വി. സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. താരസംഘടനയായ ‘അമ്മ’യുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു. 1994 മുതല്‍ 1997 വരെ അമ്മയുടെ ജനറല്‍ സെക്രട്ടറിയും 2000 മുതല്‍ 2006 വരെ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. ഗ്രന്ഥകാരനും വിദേശ സര്‍വകലാശാലകളിലടക്കം ഡീനുമായിരുന്ന ഡോ. എന്‍.പരമേശ്വരന് പിള്ളയുടെയും മീനാക്ഷിക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1935 നവംബര്‍ ഏഴിന് തിരുവനന്തപുരം വഴുതക്കാട്ടാണ് ജനനം. സാഹിത്യപഞ്ചാനനന്‍ പി.കെ.നാരായണപിള്ളയുടെ കൊച്ചുമകനാണ്.
1960-ല്‍ കൊല്‍ക്കത്ത പബ്ലിസിറ്റി സൊസൈറ്റി ഓഫ് ഇന്ത്യയില്‍ അഡ്വര്‍ടൈസ്മെന്റ് ബ്യൂറോ ചീഫായാണ് ഔദ്യോഗികജീവിതം തുടങ്ങിയത്. ബ്ലിറ്റ്സ്, ഫ്രീ പ്രസ് ജേര്‍ണല്‍, ഇന്ത്യന്‍ എക്സ്പ്രസ് എന്നിവയില്‍ മുംബൈയിലും കൊല്‍ക്കത്തയിലുമായി ജോലിചെയ്തു. കൊല്‍ക്കത്തയില്‍വെച്ച് നടന് മധുവുമായി പരിചയപ്പെട്ടത് ചലച്ചിത്രമേഖലയിലേക്കുള്ള വഴിയൊരുക്കി. മധു സംവിധാനം ചെയ്ത ‘കാമം ക്രോധം മോഹ’മാണ് ആദ്യചിത്രം. ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ‘ആന’ എന്ന ചിത്രം നിര്‍മിച്ചിട്ടുമുണ്ട്.
Discussion about this post