എറണാകുളം: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് മൃദംഗ മിഷൻ കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടത്തിയ പരിപാടിയിലെ സുരക്ഷാ വീഴ്ച്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്‌റ്റേഡിയത്തിൽ നൃത്ത പരിപാടി നടക്കുന്നതിന്റെ തലേന്ന് രാത്രി മാത്രമാണ് സ്‌റ്റേജ് നിർമിച്ചത്. പരിപാടിയുടെ അനുമതി തേടി സംഘടകൾ തലേന്ന് ആണ് കൊച്ചി കോർപ്പറേഷനെ സമീപിച്ചതെന്നുമാണ് വിവരം.
ഹെൽത്ത് ഓഫീസർ തലേന്ന് സ്‌റ്റേഡിയത്തിലെത്തി പരിശോധന നടത്തുമ്പോൾ അവിടെ സ്‌റ്റേജ് നിർമിച്ചരുന്നില്ല. ആകെ ഒരു കാരവാനും ആംബുലൻസും മാത്രമാണ് സ്‌റ്റേഡിയത്തിനുള്ളിൽ ഉണ്ടായിരുന്നതെന്നുമുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. 12,000 നർത്തകരാണ് പരിപാടിയിൽ പങ്കെടുത്തത്. ഇവരെ എട്ട് കൗണ്ടറുകൾ വഴിയാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്. എട്ട് കൗണ്ടറുകളിലായി എട്ട് പേർ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ട് മണിക്കൂറോളം സമയം കാത്ത് നിന്നതിന് ശേഷമാണ് നർത്തകർ സ്‌റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിച്ചത്. പിന്നീട് പോലീസ് ഇടപെട്ടാണ് എല്ലാവരെയും സ്‌റ്റേഡിയത്തിലേക്ക് വേഗം പ്രവേശിപ്പിച്ചത്. വീടുകളിൽ നിന്നും മേക്കപ്പ് ചെയ്ത് വന്ന കുട്ടികൾക്ക് നിർജലീകരണം ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ ഉണ്ടായിരുന്നതായി മാതാപിതാക്കൾ പ്രതികരിച്ചിരുന്നു.
അതേസമയം, സംഭവത്തിൽ ഇന്നലെ അറസ്റ്റിലായ മൃദംഗവിഷന്റെ എംഡി നിഗോഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോടതിയുടെ നിർദേശത്തെ തുടർന്നാണ് നിഗോഷ് കുമാറ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായത്. കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ. ഓസ്‌കാർ ഇവന്റ് ഉടമ ജിനേഷ് ഇതുവരെ ഹാജരായിട്ടില്ല. പ്രതികളുടെ സാമ്പത്തിക സ്രോതസുകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post