തൃശൂര്‍: 12 വര്‍ഷം ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ കാവല്‍ക്കാരിയായിരുന്ന റോസി എന്ന തെരുവുനായ ഇനി ഇല്ല. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് .ഡിപ്പോയ്ക്ക് സമീപം അലഞ്ഞു തിരിഞ്ഞു നടന്ന അമ്മ നായ ചത്തതോടെയാണ് ആരോരുമില്ലാതായ റോസിയെ കെഎസ്ആര്‍ടിസി ഗാരേജിലെ ജീവനക്കാരനായ അഞ്ഞൂര് സ്വദേശി സിഎസ് ഉണ്ണികൃഷ്ണന് ഡിപ്പോയിലെത്തിച്ചത്. സെല്ലുലോയ്ഡ് സിനിമ റിലീസ് ചെയ്ത സമയമായിരുന്നതിനാല്‍ നായികയുടെ പേര് റോസി എന്നത് തന്നെ നായക്കുട്ടിക്ക് ഇടാമെന്ന് ജീവനക്കാര്‍ തീരുമാനിച്ചു.
അന്ന് മുതല്‍ റോസി അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായി. ദിവസവും ഉണ്ണികൃഷ്ണന്റെ ഭക്ഷണത്തില്‍ ഒരു പങ്ക് റോസിക്കുള്ളതാണ്. കോവിഡ് കാലത്തും ഉണ്ണികൃഷ്ണന് അതിന് മുടക്കുണ്ടാക്കിയിട്ടില്ല.
ഗാരേജിനുള്ളില്‍ ഇഴചെന്തുക്കളെയോ ബസ്സല്ലാത്ത മറ്റൊരു വാഹനമോ കയറാന്‍ റോസി അനുവദിക്കുമായിരുന്നില്ല. അപരിചിതരെ തടഞ്ഞു നിര്‍ത്തും. കെഎസ്ആര്‍ടിസി ബസ്സുകള്‍ തിരിച്ചറിയാനുള്ള റോസിയുടെ കഴിവ് പ്രശംസനീയമാണെന്ന് ജീവനക്കാര്‍ പറയുന്നു. രണ്ട് മാസം മുമ്പ് അസുഖബാധിതയായ റോസിയുടെ ഹൃദയ വാല്‍വിന് തകരാറാണെന്ന് കണ്ടെത്തി.
ജീവനക്കാരുടെ കാരുണ്യത്തില്‍ രണ്ട് മാസം റോസിയുടെ ജീവന് പിടിച്ചു നിര്‍ത്താനായി. റോസിയെ ആചാരപൂര്‍വമാണ് ജീവനക്കാര്‍ യാത്രയാക്കിയത്. പൊതുദര്‍ശനം നടത്തി. ഡിപ്പോ പരിസരത്തു തന്നെ കുഴിമാടമൊരുക്കി ജഡം സംസ്കരിച്ചു.
Discussion about this post