യുക്രെയിൻ-റഷ്യ യുദ്ധം മൂന്നാം വർഷത്തിലേക്ക് .ഈ വർഷത്തിനിടയിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണവുമായി റഷ്യ. 2022 ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധത്തിനുശേഷം യുക്രെയ്നിനെതിരെ റഷ്യ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിത്. പോൾട്ടാവ, കീവ്, ചെർണിവ്, മൈക്കോലൈവ്, ഒഡേസ തുടങ്ങിയ 13 പ്രദേശങ്ങളിൽ ഡ്രോണുകൾ തടഞ്ഞിട്ടതായി യുക്രെയ്ൻ അറിയിച്ചു.
267 ഡ്രോണുകൾ ഒരുമിച്ച് റഷ്യ വിക്ഷേപിച്ചെന്നും ഇതു ‘റെക്കോർഡ്’ ആണെന്നും യുക്രെയ്ൻ വ്യോമസേന കമാൻഡ് വക്താവ് യൂറി ഇഗ്നാറ്റ് പറഞ്ഞു. 138 ഡ്രോണുകൾ വീഴ്ത്തി. 119 എണ്ണം കാണാതായി. റഷ്യ 3 ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായും അദ്ദേഹം പറഞ്ഞു. യുക്രെയ്നിലെ 5 പ്രദേശങ്ങളിൽ നാശനഷ്ടങ്ങളുണ്ടായെന്നാണു റിപ്പോർട്ട്.
ശനിയാഴ്ച വൈകിട്ട് ക്രൈവി റിഗിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 5 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. യുക്രെയ്ന്റെ വ്യോമ പ്രതിരോധം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണു മാസങ്ങളായി രാത്രിയിൽ റഷ്യ കൂട്ട ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നത്. യുദ്ധത്തിലെ ഏറ്റവും വലിയ ആക്രമണമാണിതെന്നും അപലപിക്കുന്നതായും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കി പറഞ്ഞു.
വ്യോമ പ്രതിരോധം തളർത്തുക എന്ന ലക്ഷ്യത്തോടെ യുക്രെയിനെതിരെ മാസങ്ങളായി റഷ്യ ഡ്രോൺ ആക്രമണം നടത്തിവരികയാണ് .കഴിഞ്ഞ ആഴ്ചകളായി ഏകദേശം 1150 ആക്രമണ ഡ്രോണുകളും 1400ലധികം ബോംബുകളും 35 മിസൈലുകളും റഷ്യ വിക്ഷേപിച്ചതായി സെലൻസ്കി കൂട്ടിച്ചേർത്തു.
ഇതിനിടെ യുദ്ധം അവസാനിപ്പിക്കാൻ ആഗോള തലത്തിൽ യുഎസിന്റെ നേതൃത്വത്തിൽ വൻ ചർച്ചകൾ നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുരാജ്യങ്ങളിലും സന്ദർശനം നടത്തി സമാധാനത്തോടെ പരിഹാരം കാണാൻ നിർദേശിച്ചിരുന്നു.
Discussion about this post