(പെന്‍ഡ്രൈവ്)
വയ്യാ.വല്ലാതെ ബോറഡിക്കുന്നു..!!! ഒരു ലീവ് എഴുതിക്കൊടുത്തു. അത് ഇത്രേം വല്യ സംഭവം ആകും എന്ന് വിചാരിച്ചില്ല…!!
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ നാട്ടുകാര്‍ കനിഞ്ഞ് അനുഗ്രഹിച്ച് കുത്തിത്തന്ന അഞ്ചു വര്‍ഷത്തെ ലീവ് വച്ചു നോക്കുമ്പോള്‍ ഈ ലീവ് ഒന്നും ഒരു ലീവേ അല്ല..!! പക്ഷെ ഇന്ത്യാക്കാരെക്കാള്‍ കണ്ണീച്ചോരയില്ലാത്തവരാ ഡല്ഹിക്കാര്..!! ത്രിവര്‍ണ്ണ നിറത്തില്‍ നിന്ന ഒരൊറ്റയെണ്ണത്തിനെ നിയമസഭ കാണിച്ചില്ല..!! ആകെ ഒരാശ്വാസം, മലര്‍ന്നടിച്ചു വീണ നമ്മുടെ തൊട്ടടുത്ത് തന്നെയാണ് മറ്റേ ദേശീയ പാര്‍ട്ടി ഊര കുത്തി വീണത് എന്നതാണ്..!! എന്നാലും അവര്‍ക്ക് ഓരോ പെട്ടി ഓട്ടോയില്‍ കയറിപ്പോകാനുള്ള ആളെങ്കിലും ഉണ്ട്..!! നമുക്കോ..??? പെട്ടി ഓട്ടോ പോയിട്ട് ശവപ്പെട്ടിയില്‍ കിടക്കാന്‍ ഒരു ശവം പോലുമില്ല..!!
ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇങ്ങോട്ട് നടന്ന തെരഞ്ഞെടുപ്പിലൊന്നും തന്നെ ഒന്ന് വാവിട്ട് കരയാനുള്ള ആരോഗ്യം പോലും ശേഷിക്കാത്ത സ്ഥിതിയിലാക്കുന്ന രീതിയിലാണ് നാട്ടുകാര്‍ പെരുമാറുന്നത്..!! കെട്ടി വച്ച കാശ് തിരിച്ചു മേടിക്കുന്നതൊക്കെ പണ്ടെങ്ങോ നടന്ന മധുരസ്വപ്നമായി കണ്ടാല്‍ മതിയെന്നാണ് അമ്മ പറയുന്നത്..!!
ഇനിയങ്ങോട്ടും തെരഞ്ഞെടുപ്പുകളുടെ അയ്യരുകളിയാണ്. ബീഹാറില്‍ വാലില്‍തൂങ്ങി നിന്നാല്‍ എന്തെങ്കിലും നക്കാപ്പിച്ച തരാം എന്ന് നിതീഷ് മാമന് പറഞ്ഞിട്ടുണ്ട്..!! അവിടെ പണ്ട് പരസ്പരം കണ്ടാല്‍ തലകൊയ്യാന്‍ നടന്നിരുന്ന സകലയാദവന്മാരും ഒരുമിച്ച് ഒരു കുടക്കീഴില് നില്ക്കാന് ധാരണയായിട്ടുണ്ട്..!! ആ കുടയുടെ ഒരു മൂലയ്ക്ക് ചിലപ്പോള്‍ നില്ക്കാന് ഇടം കിട്ടിയേക്കും..!! ഒരിക്കല്‍ ഈ സംസ്ഥാനം ഒറ്റയ്ക്ക് ഭരിച്ചത് നമ്മുടെ ആളുകളാണ് എന്ന് മുത്തശ്ശിയുടെ പഴയ ഒരു ഡയറി തപ്പിയപ്പോള്‍ അതില്‍ എഴുതി വച്ചിരുന്നത് വായിച്ച ഓര്‍മയുണ്ട്..!! അതൊക്കെ ഇനി ഓര്മ മാത്രം..!! കേരളത്തില്‍ തെരഞ്ഞെടുപ്പ് വന്നാല്‍ കോളാണ്..!! നാടായ നാട് മുഴുവന്‍ ഓടി നടന്ന് ചായക്കടയില്‍ കയ്യിട്ടുവാരി പൊറോട്ട തിന്നാം..!! നാട്ടുകാരെ വെറുപ്പിക്കുന്ന പണിയില്‍ ഗവേഷണം നടത്തിയാണ് ചാണ്ടിച്ചായനും മാണിച്ചായനും നാട് ഭരിക്കുന്നത് എന്നതിനാല്‍ ഇക്കുറി ഈ കലാപരിപാടി സുരക്ഷിതമായി നടത്താന്‍ പറ്റുമോ എന്ന കാര്യത്തില്‍ ലേശം സംശയം ഇല്ലാതില്ല..!! എന്നാലും കാര്യമായ കുഴപ്പം വരാന്‍ സാധ്യതയില്ല.
ഇതൊക്കെ ഓര്‍ത്ത് സന്തോഷിച്ചിരിക്കുമ്പോഴാണ് തറവാട്ടിലെ ചില അഫ്ഫന്മാരുടെ പുതിയ പുറപ്പാട്..!! വേറൊന്നുമല്ല; ഇനി നാട്ടിലെ തെരഞ്ഞെടുപ്പ് ഉത്സവപ്പറമ്പില്‍ ഉണ്ണി പോവണ്ടാത്രേ..!! പകരം ഏടത്തിക്കുട്ടിയെ വിട്ടാല്‍ മതിയത്രേ..!!! ഏടത്തിയ്ക്കാണെങ്കില് മുത്തശ്ശീടെ ലേശം ഒരു ഛായയില്ലേ എന്ന് പൊതുവെ ഒരു അഭിപ്രായം ഉണ്ട്..!! ഇനി അത് വച്ചെങ്കിലും നാല് വോട്ടു പെട്ടിയില്‍ വീഴുന്നെങ്കില്‍ വീഴട്ടെ എന്നാണ് അഫ്ഫന്മാരുടെ കണക്കുകൂട്ടല്‍. പക്ഷെ എന്ന് വച്ച് ഉണ്ണിയെ ഉത്സവത്തിന് കൊണ്ടുപോകില്ലാ എന്ന് പറഞ്ഞാലോ..? അമ്മയുടെ കാര്യസ്ഥന്മാരാണ് ഈ വക കുനിഷ്ട് പരിപാടികള്‍ ഒപ്പിക്കുന്നത്..!! പക്ഷെ പറഞ്ഞിട്ട് കാര്യമില്ല..!! തെരഞ്ഞെടുപ്പ് സമയത്ത് തന്റെ തലവെട്ടം കണ്ടാല്‍ ബൂത്ത് എജന്റ്റ് പോലും എഴുന്നേറ്റു പോയി എതിര്സ്ഥാനാര്ഥിയ്ക്ക് വോട്ടു ചെയ്യുന്നുണ്ടോ എന്നാണു സംശയം.. 44 അണ്ണന്മാരേം കൊണ്ട് ലോകസഭയില്‍ ചെന്ന് പാങ്ങില്‍ കിടന്നുള്ള ഉറക്കമല്ലാതെ മറ്റൊന്നും ചെയ്യാനുള്ള ആവതില്ല..!!
ആഞ്ഞൊന്ന് ശ്വാസം എടുക്കാനുള്ള ശേഷി പോലും നഷ്ടപ്പെട്ട സ്ഥിതിയ്ക്ക് ഇനി ലീവല്ലാതെ വേറെ എന്തോ എടുക്കാനാ..?!!
Discussion about this post