ധ്യേയാ ചിപ്പു
നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് തുടങ്ങിയ സഖ്യ ചര്‍ച്ചകളാണ്. അന്നേ മാണിയും സംഘവും ഏതാണ്ട് സഖ്യത്തിന് മുഴുവന്‍ മനസ്സിലായിരുന്നു. പി.ജെ ജോസഫ് പക്ഷേ ഇടത്പക്ഷത്തേക്ക് പാതി കണ്ണും വെച്ച് ഉടക്കി നിന്നതാണ് പ്രശ്നമായത്. ഡല്‍ഹിയില്‍ ജോസ് കെ മാണിയും അമിത് ഷായും പലതവണ കൂടിക്കണ്ടു. കേരളത്തിലെ ന്യുനപക്ഷ ബിജെപി നേതാക്കള്‍ കേരളത്തിലും ചുട് വലികള്‍ നടത്തി. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് ചര്‍ച്ച കൊഴുത്തത്. തിരിച്ചടിയായതും അത് തന്നെ. ബിജെപി കേരള ഘടകമാകട്ടെ ബിഡിജെഎസിനെ പാളത്തിലെത്തിച്ചതിന്റെ ക്ഷീണത്തിലും അങ്കലാപ്പിലുമായിരുന്നു. ഏതാണ്ട് അവസാനഘട്ടം വരെ മുന്നോട്ട് പോയ ചര്‍ച്ചകള്‍ അവസാനിച്ചത് അങ്ങനെയാണ്. തെരഞ്ഞെടുപ്പ് കഴിയട്ടെ എന്ന് ഇരുകൂട്ടരും മനസ്സില്‍ വരച്ചിടുകയും ചെയ്തു.
കേരള കോണ്‍ഗ്രസിന് ഇപ്പോള്‍ ബിജെപി ബാന്ധവത്തിന് പറ്റിയ സമയമാണെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. യുഡിഎഫില്‍ നിന്ന് ഇനി ഏറെയൊന്നും പ്രതീക്ഷിക്കാനില്ല. വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതിനാല്‍ ഇടത് മുന്നണി കനിയാനും പോകുന്നില്ല. ഇതിനിടയില്‍ കോണ്‍ഗ്രസാകട്ടെ ഏതാണ്ട് സഭയിലെ കുറെ കുഞ്ഞാടുകളെ നേതാക്കളാക്കി കൃസ്ത്യാനി കോണ്ഗ്രസാകാനുള്ള വഴിയിലാണ്. ആ പാളയത്തില്‍ നിന്നാല്‍ കഞ്ഞികുടി മുട്ടും എന്നര്‍ത്ഥം.
തെരഞ്ഞെടുപ്പിന് മുമ്പ് ജോസ് കെ മാണിയും അമിത് ഷായും നടത്തിയ ചര്‍ച്ചകളിലെ ധാരണ ഇപ്പോഴും മനസ്സിലുണ്ട്. അന്ന് ജോസ് കെ മാണിക്ക് കേന്ദ്ര സഹമന്ത്രി സ്ഥാനം, ചില ബോര്ഡ്് കോര്പ്പറേഷന് മേധാവി പദവി. കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ മത്സരിക്കാനുള്ള അവസരം എന്നിങ്ങനെയായിരുന്നു അന്നത്തെ ധാരണ. ഇതില്‍ കുറച്ച് കൂടി കാര്യങ്ങള്‍ കടുപ്പിച്ചാല്‍ ഒത്ത് തീര്‍പ്പാവുകയും മാണി ബിജെപി സഖ്യത്തിലാവുകയും ചെയ്യും. സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിസ്ഥാനമായിരുന്നു അന്നും മാണിയെ മോഹിപ്പിച്ച വാഗ്ദാനം. കേരളത്തില്‍ നിന്ന് ബിഡിജെഎസിന് ഒരു സഹമന്ത്രിസ്ഥാനം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ജോസ് കെ മാണിയ്ക്ക് ആ സ്ഥാനം ലഭിക്കാന്‍ വെറെ തടസ്സങ്ങളില്ല.
ബിജെപി സംസ്ഥാനഘടകത്തിലെ ചിലര്‍ക്ക് മാണി വരുന്നതില്‍ അതൃപ്തിയുണ്ടങ്കിലും കേന്ദ്രം ഇടപെട്ടാല്‍ തീരാവുന്നതെ ഉള്ളു അതെല്ലാം. ബാര്‍ കോഴക്കേസില്‍ മാണി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കുമ്മനം തുറന്നടിച്ചത് കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ട കേരളത്തിലുള്ളവരെ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ ഒരു വ്യക്തി നടത്തിയ അഴിമതിയുടെ പേരില്‍ ഒരു പാര്‍ട്ടിയുമായുളള സഹകരണം വേണ്ടെന്നു വെയ്ക്കുന്നത് ശരിയല്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന് ബാര്‍ കോഴ വിവാദം ചൂടുപിടിച്ചു നിന്ന കാലത്തു തന്നെ നിലപാടു വ്യക്തമാക്കിയിരുന്നു. പഞ്ചായത്തു സമിതികളില്‍ അധികാരം നേടാന്‍ കേരള കോണ്‍ഗ്രസ് എമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്നും മുരളീധരന് അന്നു വ്യക്തമാക്കിയിരുന്നു. ഈ നിലപാടിനൊപ്പമാണ് അമിത് ഷായും ബിജെപിയുടെ കേന്ദ്രനേതൃത്വവും.
യുഡിഎഫിനോട് സലാം പറഞ്ഞു പിരിഞ്ഞാല്‍ ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കാമെന്ന് ബിജെപിയുടെ ഉറപ്പ്. സ്വതന്ത്ര ചുമതലയുളള സഹമന്ത്രിസ്ഥാനമാണ് ജോസ് കെ മാണിയ്ക്ക് ബിജെപി കേന്ദ്രനേതൃത്വം വാഗ്ദാനം ചെയ്യുന്നത്. ഒ രാജഗോപാലിന്റെ നേതൃത്വത്തില്‍ ഏഴ് അംഗങ്ങളുളള എന്‍ഡിഎ ബ്ലോക്കു രൂപപ്പെടുന്നതോടെ ബിജെപിയുടെ വാദങ്ങള്‍ കേരള നിയമസഭയില്‍ ശക്തമായി ഉയരുകയും ചെയ്യും.
ബാര്‍ കോഴ, അഴിമതി വിവാദങ്ങളുമായി ബന്ധപ്പെട്ട ഒരു ന്യൂനപക്ഷ സമുദായത്തെ പ്രതിനിധീകരിക്കുന്ന കേരള കോണ്‍ഗ്രസിനെ ഒഴിവാക്കുന്നത് ബുദ്ധിശൂന്യമാണെന്ന നിലപാടിനു തന്നെയാണ് ബിജെപിയില്‍ മേല്‍ക്കൈ. മാണിയുമായുളള രാഷ്ട്രീയസഖ്യത്തിന്റെ ദീര്‍ഘകാല നേട്ടങ്ങളാണ് ബിജെപി അന്വേഷിക്കുന്നത്. ന്യൂനപക്ഷങ്ങളെ കൂടി വിശ്വാസത്തിലെടുക്കാതെ മുന്നോട്ട് പോകാനാവില്ല എന്ന കണക്കുകളിലെ യാഥാര്‍ത്ഥ്യവും ബിജെപിയുടെ മുന്നിലുണ്ട്. കേരളത്തില്‍ പ്രധാന പ്രതിപക്ഷമാകാന്‍ ബിജെപിയ്ക്ക് മാണിയുടെയും അതുവഴി ക്രൈസ്തവ വോട്ടുകളുടെയും പിന്‍ബലം ലഭിക്കുന്നത് വലിയ ഗുണമാകും. ആര്‍എസ്എസിനും ഇക്കാര്യത്തില്‍ കാര്യമായ എതിര്‍പ്പില്ല.
ബിജെപിയുമായുള്ള സഹകരണം ദോഷം ചെയ്യില്ലെന്ന് മാണി മുന്‍പെ ചില പരീക്ഷണനീക്കങ്ങളിലൂടെ വിലയിരുത്തിയിരുന്നു. കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ത്തന്നെ ബിജെപിയുമായുള്ള വിശാല സഹകരണത്തിന്റെ സാധ്യതകള്‍ കെ എം മാണി ചിലയിടത്ത് പയറ്റുകയും ചെയ്തു. പത്തനംതിട്ട കുറ്റൂര്‍ പഞ്ചായത്ത് ഭരണം ബിജെപി നേടിയത് കേരള കോണ്‍ഗ്രസ് എം അംഗത്തിന്റെ പിന്തുണയോടെയാണ്. കേരളാ കോണ്‍ഗ്രസ് എം പത്തനംതിട്ട ജില്ലാ പ്രസിഡന്റും യുഡിഎഫ് ചെയര്‍മാനുമായ വിക്ടര്‍ ടി തോമസാണ് ബിജെപിയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ടിയുടെ പഞ്ചായത്തു മെമ്പര്‍ ചെറിയാന് സി തോമസിന് വിപ്പു നല്‍കിയത്. വൈസ് പ്രസിഡന്റു സ്ഥാനത്തേയ്ക്ക് ചെറിയാന് സി തോമസിന് ബിജെപി പിന്തുണ നല്കി. കോണ്‍ഗ്രസിനോടു കലഹിച്ച് കേരള കോണ്‍ഗ്രസ് സൌഹൃദ മത്സരം നടത്തിയ ഉഴവൂര്‍ പഞ്ചായത്തിലും ബിജെപി കേരള കോണ്‍ഗ്രസ് സഖ്യമാണ് ഭരിക്കുന്നത്.
ഒറ്റക്ക് നില്‍ക്കുമെന്ന് പറയുന്നുണ്ടെങ്കിലും അത് ആത്മഹത്യപരമാണെന്ന് മാണിക്കറിയാം. ഒന്നെങ്കില്‍ എല്‍ഡിഎഫ് അല്ലെങ്കില്‍ എന്‍ഡിഎ ഇതല്ലാതെ മാണിക്ക് വെറെ രാഷ്ട്രീയ വഴികളില്ല. മാണിയെ എല്ഡിഎപിലെടുക്കാന് കളിയില്ല എന്ന നിലപാടിലാണ് സിപിഐ ഉള്‍പ്പടെയുള്ള ഘടകക്ഷികള്‍. സിപിഎമ്മിനകത്തും ഭൂരിപക്ഷ പിന്തുണ മാണിക്കെതിരാണ്. എന്‍ഡിഎയിലേക്ക് പോകുമെന്ന് പേടിച്ച് മാത്രം മാണിയെ മുന്നണിയിലെടുക്കുന്നത് വലിയ തിരിച്ചടിയാകുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍. പിന്നെയുള്ള വഴി എന്‍ഡിഎയാണ്. പാര്‍ട്ടിക്കകത്ത് ശക്തി കുറഞ്ഞ പി.ജെ ജോസഫും എന്‍ഡിഎ സഖ്യത്തില്‍ ചേരുന്നതിനെ എതിര്‍ക്കാനിടയില്ല എന്നാണ് കണക്ക് കൂട്ടല്‍. തുടക്കത്തില്‍ ഉള്ള അതൃപ്തികള്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ വഴിയിലെത്തുമ്പോള്‍ മാറുമെന്നാണ് വിലയിരുത്തല്‍.
അങ്ങനെയെങ്കില്‍ നിയമസഭയിലെ പ്രതിപക്ഷ നിരയില്‍ കേരള കോണ്‍ഗ്രസ് എം ബ്ലോക്കല്ല രൂപപ്പെടുക. ബിജെപി എംഎല്‍എ ഒ രാജഗോപാലിന്റെ നേതൃത്വത്തില്‍ ഏഴ് അംഗങ്ങളുളള എന്‍ഡിഎ ബ്ലോക്കായിരിക്കും. അതിനായി ഇനി അധികമൊന്നും കാത്തിരിക്കേണ്ടി വരില്ല. അത്തരമൊരും ഏഴംഗ ബ്ലോക് വരുന്നതോടെ കേരള നിയമസഭയില്‍ ഇടത് മുന്നണിക്കെതിരെ കേന്ദ്രം ഭരിക്കുന്ന മുന്നണിയുടെ ശബ്ദം ഘോരഘോരം ഉയരുകയും ചെയ്യും.
Discussion about this post