ഏതാണ്ട് മൂന്ന് ദശാബ്ദത്തോളമായി തുടർച്ചയായി ഗുജറാത്ത് ഭരിക്കുകയാണ് ബിജെപി. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഗുജറാത്തിലെ 26 സീറ്റുകളും ബിജെപി സ്വന്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സ്വന്തം തട്ടകത്തിൽ ഇത്തവണയും പാർട്ടി ലക്ഷ്യമിടുന്നത് സമ്പൂർണ വിജയമാണ്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 62 ശതമാനം വോട്ടുനേടിയാണ് ബിജെപി ഗുജറാത്ത് തൂത്തുവാരിയത്. നാല് ലോക്സഭാ മണ്ഡലങ്ങളിൽ 40 ശതമാനത്തിലധികവും എഴ് മണ്ഡലങ്ങളിൽ 30 ശതമാനത്തിലധികവുമാണ് ബിജെപി സ്ഥാനാർത്ഥികളുടെ വിജയ മാർജിൻ. പാർട്ടി സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീലിനായിരുന്നു കഴിഞ്ഞ തവണ ഗുജറാത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത്.
സി ആർ പാട്ടീൽ നവ്സാരി ലോക്സഭാ സീറ്റിൽ നിന്ന് 6,89,668 വോട്ടുകൾക്ക് വിജയിച്ചപ്പോൾ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധിനഗറിൽ നിന്ന് 5,57,014 വോട്ടുകൾക്ക് അധികാരിക ജയം സ്വന്തമാക്കി. 2019ൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് വിജയിച്ച ബിജെപി സ്ഥാനാർത്ഥി പോലും എതിർ സ്ഥാനാർത്ഥിയേക്കാൾ 12 ശതമാനം അധികം വോട്ട് പിടിച്ചിരുന്നുവെന്നതാണ് ശ്രദ്ധേയം. ദാഹോദിൽ നിന്ന് ജയിച്ച ജശ്വന്ത്‌സിൻഹ് ബംബോറിനാണ് കുറഞ്ഞ ഭൂരിപക്ഷം.
ഗുജറാത്തിന്റെ പ്രിയ പുത്രനായ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിലേറാൻ ഒരുങ്ങുമ്പോൾ ആകെയുള്ള 26 സീറ്റുകളും സമ്മാനിച്ച് ഉറച്ച പിന്തുണ നൽകുകയാണ് സംസ്ഥാന ബിജെപിയുടെ ലക്ഷ്യം. ഇതിൽ സൂറത്ത് മണ്ഡലത്തിൽ ബിജെപിയുടെ മുകേഷ് ദലാൽ ദിവസങ്ങൾക്ക് മുൻപ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഗുജറാത്തിൽ കഴിഞ്ഞ തവണ നേടിയതിനേക്കാൾ മികച്ച ഭൂരിപക്ഷവും വോട്ട് ശതമാനവുമാണ് ഭാരതീയ ജനതാ പാർട്ടിയുടെ ടാർഗറ്റ്. ഗുജറാത്തിലെ എല്ലാ ലോക്സഭാ സീറ്റുകളും 5 ലക്ഷത്തിൽ അധികം ഭൂരിപക്ഷത്തിൽ വിജയിക്കണമെന്ന ലക്ഷ്യമാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീൽ പ്രവർത്തർക്ക് നൽകിയിരിക്കുന്നത്.
നരേന്ദ്ര മോദി ഹാട്രിക് വിജയം നേടി വീണ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് അടുത്തിടെ നടന്ന ഒരു പ്രചാരണ പരിപാടിയിൽ സി ആർ പാട്ടീൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഈ മാസം ഏഴാം തീയതിയാണ് ഗുജറാത്തിലെ 26 ലോക്സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കുക. അഭിപ്രായ സർവ്വേകൾ എല്ലാം ഇത്തവണയും ഗുജറാത്ത് ബിജെപി തൂത്തുവാരുമെന്നാണ്
പറയുന്നത്.
ദയനീയ അവസ്ഥയിലുള്ള കോൺഗ്രസ് പാർട്ടിയും വിടരും മുൻപേ കൊഴിഞ്ഞു പോയ ആം ആദ്മി പാർട്ടിയും ഗുജറാത്തിൽ ബിജെപിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു. കോൺഗ്രസിലെയും എഎപിയിലെയും പല പ്രമുഖ നേതാക്കളും ഈയിടെ ബിജെപി ക്യാമ്പിൽ എത്തിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും തലപ്പൊക്കമുള്ള കോൺഗ്രസ് നേതാവെന്ന വിശേഷണമുണ്ടായിരുന്ന അർജുൻ മോദ്വാഡിയ കഴിഞ്ഞ മാർച്ചിൽ ബിജെപിയിൽ ചേർന്നിരുന്നു. ഗുജറാത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, നിയമസഭാ പ്രതിപക്ഷ നേതാവ് എന്നീ പദവികൾ വഹിച്ച നേതാവാണ് മോദ്വാദിയ.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മിന്നുന്ന ജയമാണ് ബിജെപി സ്വന്തമാക്കിയത്. 182 അംഗ നിയമസഭയിൽ 156 സീറ്റുകൾ വിജയിച്ചാണ് ഭുപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഗുജറാത്ത് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടി നേടുന്ന റെക്കോർഡ് സീറ്റാണിത്.
വികസനത്തിലൂന്നിയുള്ള സംസ്ഥാന സർക്കാറിന്റെ അഴിമതി രഹിത ഭരണത്തിൽ ഗുജറാത്തിലെ ജനങ്ങൾ പൂർണ്ണ തൃപതരാണെന്നാണ് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ അഭിപ്രായപ്പെടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പായതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവവും വികസന നേട്ടങ്ങളും തന്നെയാണ് ബിജെപിയുടെ പ്രചാരണത്തിൽ പ്രധാനമായും ഉയരുന്നത്. ഇതിനൊപ്പം
രാമക്ഷേത്ര നിർമ്മാണവും ആർട്ടിക്കിൾ 370 റദ്ദാക്കിയതുമെല്ലാം വലിയ ഗുണം ചെയ്യുമെന്നാണ് ഗുജറാത്ത് ബിജെപിയുടെ കണക്കുകൂട്ടൽ.
Discussion about this post