ഭോപ്പാൽ: ഇന്ത്യൻ മണ്ണിൽ കുതിച്ച് പായാൻ ദക്ഷിണാഫ്രിക്കയിൽ നിന്നും കൂടുതൽ ചീറ്റകൾ. ഇന്ന് രാവിലെ 10 മണിയോടെ ചീറ്റകളുമായുള്ള വ്യോമസേന വിമാനം മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലെത്തി. ഇക്കുറി 12 ചീറ്റകളെയാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിച്ചിരിക്കുന്നത്.
ചീറ്റകളെ പ്രത്യേക വാഹനത്തിൽ റോഡ് മാർഗ്ഗം കുനോ നാഷണൽ പാർക്കിൽ എത്തിക്കും. കേന്ദ്രമന്ത്രാമാരായ ഭൂപേന്ദ്ര യാദവും, നരേന്ദ്ര സിംഗ് തോമറും ചേർന്നാണ് ചീറ്റകളെ പാർക്കിലേക്ക് തുറന്നു വിടുക. ഏഴ് ആൺ ചീറ്റകളെയും അഞ്ച് പെൺ ചീറ്റകളെയുമാണ് രാജ്യത്ത് എത്തിച്ചിരിക്കുന്നത്.
ക്വാറന്റൈൻ കേന്ദ്രത്തിലായിരിക്കും ഇവയെ പാർപ്പിക്കുക. ഇവിടെ ഇവയെ സൂക്ഷമമായി നിരീക്ഷിക്കും. ഡോക്ടർമാരുൾപ്പെടെ വിദഗ്ധ സംഘത്തിനാണ് ഇതുമായി ബന്ധപ്പെട്ട ചുമതല. 10 ക്വാറന്റൈൻ കേന്ദ്രങ്ങളാണ് ചീറ്റകൾക്കായി തയ്യാറാക്കിയിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ പ്രൊജക്ട് ചീറ്റ പദ്ധതിയുടെ ഭാഗമായി നേരത്തെ എട്ട് ചീറ്റകളെയാണ് കേന്ദ്രസർക്കാർ രാജ്യത്ത് എത്തിച്ചത്. കുനോ നാഷണൽ പാർക്കിൽ ഇവ സുഖമായി കഴിഞ്ഞുവരികയാണ്. ഇതോടെ കൂടുതൽ ചീറ്റകളെ കൂടി എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ് കൂടുതൽ ചീറ്റകളെ രാജ്യത്ത് എത്തിക്കുന്നതിനുള്ള ധാരണാ പത്രത്തിൽ ഇന്ത്യയും- ദക്ഷിണാഫ്രിക്കയും ഒപ്പുവച്ചത് . വ്യാഴാഴ്തയാണ് ചീറ്റകളെ കൊണ്ടുവരുന്നതിനായി വ്യോമ സേന വിമാനം ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചത്.









