കശ്മീര്‍: ഭീകരവാദം തുടച്ചുനീക്കപ്പെടുന്നതുവരെ പാകിസ്ഥാനുമായി ഒരു സംഭാഷണത്തിനുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഞായറാഴ്ച ജമ്മുവിലെ നൗഷേരയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ രൂപവത്കരണത്തിന് ശേഷം ഭീകരവാദികളേയും കല്ലെറിയുന്നവരേയുമൊക്കെ ജയില്‍ മോചിതരാക്കുകയാണ് നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യത്തിന് വേണ്ടത്. ഫറൂഖ് അബ്ദുള്ള ജമ്മു മലനിരകളിലെ ഭീകരവാദത്തിന്റെ പുനരുജ്ജീവനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ ഇത് മോദി സര്‍ക്കാരാണ് ഇവിടെ അത് നടക്കില്ല. ഭീകരവാദത്തെ പാതാളത്തിലേക്ക് അടക്കം ചെയ്യുമെന്നും ഒരു ഭീകരവാദിയേയും മോചിപ്പിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
ഭീകരവാദം തുടച്ചുനീക്കപ്പെടും വരെ പാകിസ്ഥാനുമായി തനിക്ക് ഒരു സംഭാഷണവുമില്ലെന്നാണ് രാഹുല്‍ ഗാന്ധിയോടും ഫറൂഖ് അബ്ദുള്ളയോടും പറയാനുള്ളത്. യുവാക്കളെ സിംഹങ്ങളെന്ന് വിശേഷിപ്പിച്ച അമിത് ഷാ അവരോടാണ് തനിക്ക് സംസാരിക്കേണ്ടതെന്നും പാകിസ്ഥാനോടല്ലെന്നും കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തി പ്രദേശങ്ങളുടെ സുരക്ഷയ്ക്കായി ഭൂഗര്‍ഭ നിലവറയുടെ അവശ്യമില്ലെന്നും അമിത് ഷാ പറഞ്ഞു.അതിര്‍ത്തിക്കപ്പുറത്തേക്ക് വെടിവെക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും അങ്ങനെ വെടിവെച്ചാല്‍ ഷെല്ലുകളുപയോഗിച്ച് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നുഘട്ടങ്ങളിലായി ജമ്മു-കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചുകഴിഞ്ഞു. സെപ്റ്റംബര്‍ 18 നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. സെപ്റ്റംബര്‍ 25, ഒക്ടോബര്‍ ഒന്ന് എന്നീ തിയ്യതികളിലാണ് ഇനിയുള്ള രണ്ട് ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കുക.
Discussion about this post