പ്രയാഗ്‌രാജ്: ഉമേഷ് പാൽ വധക്കേസിലെ മുഖ്യപ്രതിയും കൊടുംക്രിമിനലുമായ ആതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫ് അഹമ്മദും കൊല്ലപ്പെട്ടു. യുപി പോലീസിന്റെ കസ്റ്റഡിയിലായിരുന്ന ഇരുവരെയും പ്രയാഗ് രാജിലേക്ക് മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.
മെഡിക്കൽ പരിശോധനകൾക്കായി എംഎൽഎൻ മെഡിക്കൽ കോളജ് പരിസരത്തേക്ക് കൊണ്ടുവരുന്നതിനിടെ രണ്ടോ മൂന്നോ പേർ പൊടുന്നനെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ യുപി പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
2005 ൽ ബിഎസ്പി എംഎൽഎ രാജു പാലിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെടെ മുഖ്യ പ്രതിയാണ് ആതിഖ് അഹമ്മദ്. നിരവധി ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെ ഉളളത്. അടുത്തിടെയാണ് ഇയാളെ ഗുജറാത്തിലെ ജയിലിൽ നിന്നും യുപിയിലേക്ക് കൊണ്ടുവന്നത്.
ആതിഖ് അഹമ്മദിന്റെ മകൻ അസദ് കഴിഞ്ഞ ദിവസം പോലീസിന്റെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇയാളും സഹായിയും സഞ്ചരിക്കുമ്പോഴാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് വിദേശനിർമിത ആയുധങ്ങൾ ഉൾപ്പെടെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇരുവരും ഉമേഷ് പാൽ കൊലപാതക സംഘത്തിലുണ്ടായിരുന്നവരാണ്.










