സോഷ്യൽ മീഡിയയിൽ സർക്കാരിനും തനിക്കുമെതിരെ വരുന്ന പോസ്റ്റുകളും വാർത്തകളും അപ്രത്യക്ഷമാകുന്നുവെന്ന പ്രചാരണങ്ങളിൽ ശക്തമായ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. വിരോധം വച്ച് ജനങ്ങളുടെയും മാധ്യമങ്ങളുടെയും വായ മൂടിക്കെട്ടാമെന്ന് കരുതുന്ന മൂഢനല്ല താനെന്ന് വ്യക്തമാക്കിയ അദ്ദേഹം, സോഷ്യൽ മീഡിയയിൽ തന്നെ വിമർശിക്കുന്ന പോസ്റ്റുകൾ പോലും നീക്കം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്ക് (Meta) കത്തെഴുതാൻ തയ്യാറാണെന്ന് പറഞ്ഞു. തനിക്കെതിരെ വരുന്ന വിമർശനങ്ങൾ മാത്രമല്ല, തന്നെ പ്രശംസിച്ചുകൊണ്ടുള്ള പല പോസ്റ്റുകളും മെറ്റ നീക്കം ചെയ്യുന്നുണ്ടെന്നും അത് അവരുടെ ആഭ്യന്തര നയങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകളും സോഷ്യൽ മീഡിയ പോസ്റ്റുകളും നീക്കം ചെയ്യുന്നതിന് പിന്നിൽ താനാണെന്ന പ്രതിപക്ഷത്തിന്റെയും ചില മാധ്യമങ്ങളുടെയും ആരോപണങ്ങളെ മുഖ്യമന്ത്രി പൂർണ്ണമായും തള്ളിക്കളഞ്ഞു. സർക്കാരിന്റെ ഔദ്യോഗിക പേജായ ‘CMO Kerala’ ഇൻസ്റ്റഗ്രാമിൽ ലഭ്യമാക്കിത്തരണമെന്ന ഏക ആവശ്യമാണ് തങ്ങൾ ഇതുവരെ മെറ്റയോട് ഉന്നയിച്ചിട്ടുള്ളത്. അപേക്ഷ നൽകിയിട്ട് രണ്ട് മാസത്തിലേറെയായെങ്കിലും അത് പോലും മെറ്റ ഇതുവരെ ശരിയാക്കി നൽകിയിട്ടില്ല. സ്വന്തം ഓഫീസിന്റെ പേജ് പോലും ലഭ്യമാക്കാൻ കഴിയാത്ത താൻ പറഞ്ഞിട്ടാണ് മെറ്റ മറ്റുള്ളവരുടെ പോസ്റ്റുകൾ റിമൂവ് ചെയ്യുന്നതെന്ന് പറയുന്നത് തികച്ചും യുക്തിരഹിതമാണെന്ന് അദ്ദേഹം പരിഹസിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ആൽഗരിതം നയങ്ങളും പകർപ്പവകാശ മാനദണ്ഡങ്ങളും അനുസരിച്ചാണ് പോസ്റ്റുകൾ നീക്കം ചെയ്യപ്പെടുന്നത്. ഇതിൽ സംസ്ഥാന സർക്കാരിനോ മുഖ്യമന്ത്രിക്കോ യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.












