തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ ഭരണ പരിഷ്കാര കമ്മീഷന് ഓഫിസിന് അനുമതി നിഷേധിക്കപ്പെട്ട സെക്രട്ടേറിയറ്റിനുള്ളില്‍ ഹരിത കേരളം മിഷനു വിശാല ആസ്ഥാനം അനുവദിച്ച് പിണറായി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന അതീവ സുരക്ഷയുള്ള നോര്‍ത്ത് ബ്ലോക്കിലാണു ടി.എന്‍.സീമ ഉപാധ്യക്ഷയായ മിഷന് ഓഫിസ് അനുവദിച്ചത്. അതിനായി അവിടെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സെക്രട്ടേറിയറ്റിലെ നാലു വകുപ്പുകളെ കുടിയിറക്കി. ഇതാദ്യമായാണു സര്‍ക്കാരിനു കീഴിലുള്ള ഒരു മിഷനു സെക്രട്ടേറിയറ്റിനുള്ളില്‍ ഓഫിസ് അനുവദിക്കുന്നത്.
നിലവില്‍ ഔദ്യോഗിക ഭാഷാ വകുപ്പു പോലും സെക്രട്ടേറിയറ്റിനു പുറത്താണ്. ഭരണപരിഷ്കാര കമ്മിഷനു സെക്രട്ടേറിയറ്റിനകത്ത് ഓഫിസ് അനുവദിക്കണമെന്നു കമ്മിഷന് അധ്യക്ഷന്‍ വിഎസ് ആവശ്യപ്പെട്ടിരുന്നു. രണ്ടു തവണയും സര്‍ക്കാര്‍ അതു നിഷേധിച്ചു. എങ്കില്‍ സെക്രട്ടേറിയറ്റ് അനക്സ് എങ്കിലും മതിയെന്നായി വിഎസ്. അതും നല്‍കാതെ ഏതാണ്ടു മൂന്നു കിലോമീറ്റര്‍ അകലെ ഐഎംജിയിലാണ് ഓഫിസ് നല്‍കിയത്. അതാകട്ടെ ഇതുവരെ പ്രവര്‍ത്തനക്ഷമമായിട്ടുമില്ല. അതിനിടെയാണു സിപിഎം സംസ്ഥാനസമിതി അംഗമായ സീമ സെക്രട്ടേറിയറ്റിനുള്ളില്‍ ഹരിത കേരളം മിഷന് ഓഫിസ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി ഇത് അംഗീകരിച്ച് ഓഫിസ് അനുവദിച്ചു. തുടര്‍ന്നു ഗതാഗതം, എസ്സിഎസ്ടി, സാമൂഹികക്ഷേമം, മൃഗസംരക്ഷണം വകുപ്പുകളെ നോര്‍ത്ത് ബ്ലോക്കില്‍നിന്നു പുതിയ അനക്സ് മന്ദിരത്തിലേക്കു മാറ്റി. ഹരിത മിഷന്റെ ഓഫിസ് സജ്ജീകരിക്കാന്‍ 6.60 ലക്ഷം രൂപയും അനുവദിച്ചു.
സംസ്ഥാന വികസനത്തിനു നാലു ബൃഹത് പദ്ധതികള്‍ അഞ്ചു വര്‍ഷംകൊണ്ടു ജനപങ്കാളിത്തത്തോടെ നടപ്പാക്കുകയാണു ഹരിത കേരളം മിഷന്റെ ലക്ഷ്യം. ശുചിത്വം, മാലിന്യ സംസ്കരണം, കൃഷി വികസനം, ജലസംരക്ഷണം മേഖലകളിലാണു പദ്ധതികള്‍. മിഷന് ഓഫിസ് നോര്‍ത്ത് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്നതോടെ സുരക്ഷാ പ്രശ്നവും ഉടലെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മന്ത്രിമാരായ തോമസ് ഐസക്, ഇ.ചന്ദ്രശേഖരന്, എ.സി.മൊയ്തീന്, ജി.സുധാകരന്, എ.കെ. ബാലന് എന്നിവരുടെ ഓഫിസുകളും നോര്‍ത്ത് ബ്ലോക്കിലാണ്. റെക്കോര്‍ഡ്സ് സെക്ഷനും ഇവിടെയാണ്.
ശമ്പളത്തിന്റെ കാര്യത്തിലും ഹരിതകേരളം മിഷനും ഭരണപരിഷ്കാര കമ്മിഷനും രണ്ടു പന്തിയിലാണ്. മിഷന് ഉപാധ്യക്ഷ ടി.എന്‍.സീമയ്ക്ക് ആസൂത്രണ ബോര്‍ഡ് മുഴുവന്‍ സമയ അംഗത്തിന്റെ പദവിയും ശമ്പളവും കാറും അനുവദിച്ചു. മിഷനിലെ ഉപദേഷ്ടാക്കള്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം നിശ്ചയിച്ചു നല്കി. എന്നാല്‍ ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വിഎസിനും അംഗങ്ങളായ മുന്‍ ചീഫ് സെക്രട്ടറിമാര്‍ക്കും ജീവനക്കാര്‍ക്കും ഇതുവരെ ശമ്പളമോ മറ്റ് ആനുകൂല്യമോ അനുവദിച്ചിട്ടില്ല.
Discussion about this post