കോഴഞ്ചേരി: കോഴഞ്ചേരിയില്‍ നടന്ന എംജി സര്‍വകലാശാല കലോത്സവ നടത്തിപ്പില്‍ വ്യാപക സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. കലോത്സവ നടത്തിപ്പിനായി സര്‍വകലാശാല യൂണിയന്‍ സംഘാടക സമിതിയെ ഏല്‍പിച്ച തുകയില്‍ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. കലോത്സവ നടത്തിപ്പിന് നേതൃത്വം നല്‍കിയ എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിക്കെതിരെയാണ് സാമ്പത്തിക ക്രമക്കേട് ആരോപണം.
സര്‍വകലാശാല യൂണിയനും പ്രാദേശികമായി രൂപീകരിക്കുന്ന സ്വാഗത സംഘവും ചേര്‍ന്നാണ് കലോത്സവം നടത്തിയത്. കലോത്സവ നടത്തിപ്പിനായി ജനറല്‍ കണ്‍വീനര്‍ക്ക് സര്‍വകലാശാല നല്‍കിയ 10.5 ലക്ഷം രൂപ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി സ്വകാര്യ അക്കൗണ്ടുകള്‍ വഴി മാറ്റിയെടുത്തെന്നാണ് ആരോപണം. യൂണിയന്‍ ഫണ്ട് കൂടാതെ പുറത്ത് നിന്ന് പരസ്യം, സ്‌പോണ്‍സര്‍ഷിപ്പ് ഇനങ്ങളിലും പണം വാങ്ങിയിരുന്നു. കലോത്സവ വേദിയില്‍ സിനിമാ ചിത്രീകരണത്തിനായി മൂന്നര ലക്ഷം രൂപ പൂമരം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സംഘാടകര്‍ക്ക് നല്‍കിയിരുന്നു ഈ തുകയെ സംബന്ധിച്ചും ആരോപണമുണ്ട്.
കലോത്സവ നടത്തിപ്പ് പരാജയമായത് വിവാദമായതോടെ സിപിഎം ജില്ലാ നേതൃത്വം അവസാന ദിനങ്ങളില്‍ സംഘാടനം നേരിട്ട് ഏറ്റെടുക്കുകയും ചെയ്തിരുന്നു. സാമ്പത്തിക ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കാനാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നീക്കം. ജില്ലാ സെക്രട്ടറി സജിത് പി ആനന്ദിനോട് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post