മലപ്പുറം: കാണാതായ വൃദ്ധയുടെ മൃതദേഹം നായ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. മലപ്പുറം ആലങ്കോട് സ്വദേശി ജാനകി (75)യെയാണ് കാണാതായത്. ഇന്ന് രാവിലെ ഇവരെ വീടിന് സമീപത്തെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ശിവരാത്രി ഉത്സവത്തിന് പോയ ജാനകിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ശിവരാത്രി ഉത്സവത്തിനായി ജാനകി എടപ്പാളിലെ ക്ഷേത്രത്തിലേക്ക് തിരിച്ചത്. കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിന്മേല് കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. അതിനിടെ ഇന്ന് രാവിലെ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലുള്ള ഒരു വയലില്‍ വെച്ച് മൃതദേഹം ലഭിച്ചത്. കോഴിക്കോട്-തൃശൂര്‍ സംസ്ഥാന പാതയോട് ചേര്‍ന്ന് പന്താവൂര്‍ പാലത്തിന് സമീപത്തെ പാടത്താണ് മൃതദേഹം കണ്ടത്. പശുവിനെ കെട്ടാന്‍ പാടത്ത് എത്തിയവരാണ് ആദ്യം മൃതദേഹം കണ്ടത്. പിന്നീട് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
കൈകാലുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ട് അഴുകിയ നിലയിലായിരുന്നു മൃതദേഹം. തലയോട്ടി അല്ലാത്ത തലഭാഗങ്ങള്‍ മുഴുവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ചങ്ങരംകുളം എസ്ഐ കെ.പി. മനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Discussion about this post