ഡല്‍ഹി: കറന്‍സിരഹിത സമ്പദ് വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 31നുള്ളില്‍ രാജ്യത്തെ മുഴുവന്‍ അക്കൗണ്ടുകളിലും ഇന്റര്‍നെറ്റ് ബാങ്കിങ് ഉറപ്പാക്കണമെന്ന് ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇതിനായി ബാങ്കുകള്‍ ഉപഭോക്താക്കളുമായി ബന്ധപ്പെടാനും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഈ അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഓണ്‍ലൈന്‍ ഇടപാടുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നടപടി. ഉന്നതതലത്തില്‍ നടപടിക്ക് അംഗീകാരം നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പുതിയ തീരുമാനത്തിലൂടെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ഇടപാടുകളിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് കേന്ദ്ര ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ് പ്രതികരിച്ചു. ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മാര്‍ച്ച് 31നുള്ളില്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ ലഘൂകരിക്കുന്നതിന് ഇത് സഹായിക്കുമെന്നാണ് കരുതുന്നതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഏതാണ്ട് 35 ശതമാനത്തോളം ബാങ്ക് അക്കൗണ്ടുകള്‍ ഇനിയും ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുണ്ടെന്നാണ് കണക്ക്. ഇന്റര്‍നെറ്റ് ബാങ്കിങ് ഇല്ലെങ്കില്‍ ചില ആപ്ലിക്കേഷനുകളിലൂടെയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ സാധ്യമാകാത്ത അവസ്ഥ നിലനില്‍ക്കുന്നുണ്ട്.
Discussion about this post