ഡല്‍ഹി: രാംജാസ് കോളജ് പ്രശ്‌നത്തില്‍ എ.ബി.വി.പിക്ക് പിന്തുണയുമായി കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു. ‘ആസാദി’ മുദ്രാവാക്യം രാജ്യദ്രോഹമല്ലാതെ മറ്റെന്താണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ചോദിച്ചു. രാജ്യദ്രോഹ നിയമം സര്‍ക്കാര്‍ കര്‍ശനമാക്കാന്‍ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു. കശ്മീരിലും ഛത്തിസ്ഗഢിലും ഝാര്‍ഖണ്ഡിലും ആയുധമെടുത്താണ് ‘ആസാദി’ മുഴക്കുന്നത്. ശക്തി ഉപയോഗിച്ച് ‘ആസാദി’ നേടാമെന്നാണ് ഭീകരവാദത്തെ പിന്തുണക്കുന്നവരും വിശ്വസിക്കുന്നത്. ഇത്തരം പ്രവണതകള്‍ കാമ്പസുകളില്‍ ഭിന്നിപ്പുണ്ടാക്കും. ഇതിനെതിരേ ശബ്ദം ഉയര്‍ത്താനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
ദേശീയത എന്നത് നല്ല പദമാണെന്നും എന്നാല്‍, ഇന്ത്യയില്‍ മാത്രം അത് മോശമായാണ് കാണുന്നതെന്നും മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണക്കുന്നുവെന്നും എന്നാല്‍, അത് നിയമത്തിന്റെ പരിധിയില്‍നിന്നു മാത്രമായിരിക്കണമെന്ന് മന്ത്രി മനോഹര്‍ പരീകര്‍ പറഞ്ഞു. നിയമത്തിന്റെ പരിധി എന്താണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു. മന്ത്രിയുടെ ഭാവനകളല്ല, മറിച്ച് ഭരണഘടന വിഭാവന ചെയ്തിരിക്കുന്നതാണു നിയമത്തിന്റെ പരിധിയെന്നും യെച്ചൂരി പറഞ്ഞു.
അതിനിടെ, രാംജാസ് കോളജില്‍ നടന്ന സെമിനാറുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച തുടങ്ങിയ അക്രമത്തില്‍നിന്ന് ഡല്‍ഹി സര്‍വകലാശാല മുക്തമായില്ല. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇടത് സംഘടനകളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച എ.ബി.വി.ബി പ്രവര്‍ത്തകര്‍ നോര്‍ത്ത് കാമ്പസില്‍ പ്രകടനം നടത്തി. പുറത്തുനിന്നടക്കം ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
സര്‍വകലാശാല യൂനിയന്റെ പിന്തുണയോടെയായിരുന്നു പരിപാടി. പൊലീസ് വന്‍ സുരക്ഷ സന്നാഹമാണ് ഒരുക്കിയത്. ആക്രമണം ഭയന്ന് വിദ്യാര്‍ഥികള്‍ നോര്‍ത്ത് കാമ്പസ് വിട്ടുപോയിരുന്നു. എ.ബി.വി.പിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെയുള്ള ഭീഷണി തുടരുന്നുണ്ട്.
Discussion about this post